Jump to Navigation

വിജയവഴി - വിജയക്കൊടി നാട്ടി ചേന്നംപള്ളിപ്പുറം

പരസ്പരം കൈകോര്‍ത്തുള്ള പ്രവര്‍ത്തനം, അതില്‍ത്തന്നെ നിതാന്ത ജാഗ്രതയും കഠിന പരിശ്രമവും. അതാണ് ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 96.9% തുക വിനിയോഗിച്ച് ചേന്നംപള്ളിപ്പുറത്തിന് വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശശികല. കഴിഞ്ഞ വര്‍ഷം പൊതു പട്ടികജാതി വിഭാഗങ്ങളില്‍ നൂറുശതമാനം തുക വിനിയോഗിച്ചതിന്റെ ചുവടുപിടിച്ചാണ് ഇത്തവണയും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അംഗീകാര പ്രക്രിയ പൂര്‍ത്തിയായത് ഡിസംബറില്‍ മാത്രമാണ്. പഞ്ചായത്ത് ഭരണ സമിതി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പിന്നീട് നടന്നത്. മൂന്നുമാസത്തിനിടെ 40ന് മേല്‍ യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍‌പ്പെടുത്തി 74 ഓരുമുട്ടുകളും 14 റോഡുകളും സ്ഥാപിച്ചു. ഇതേ പദ്ധതിയുമായി സംയോജിപ്പിച്ച് കാര്‍ഷികമേഖലയില്‍ 10.5 ലക്ഷം രൂപ പ്ലാന്‍ഫണ്ട് ചെലവഴിച്ചു. 4 കോടി 6 ലക്ഷം രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവിട്ടത്. 797 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതുകൂടാതെ പട്ടികജാതി വിഭാഗത്തില്‍ 35,084 തൊഴില്‍ ദിനങ്ങളും പട്ടികവര്‍ഗ വിഭാഗത്തില്‍ 1,973 തൊഴില്‍ദിനങ്ങളും നല്‍കി ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി. 50 ഏക്കറില്‍ പച്ചക്കറി, 30 ഏക്കറില്‍ മത്സ്യക്കൃഷി, 50 ഹെക്ടറില്‍ ഞവരക്കൃഷി എന്നിവയും ചെയ്തു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി 22 ലക്ഷം രൂപയും വനിതാഘടക പദ്ധതിയില്‍ 26 ലക്ഷം രൂപയും ചെലവിട്ടു. 8 ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലായി 15 പേര്‍ക്ക് സ്വന്തമായി ഓട്ടോറിക്ഷ നല്‍കാനും 45 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കാനും കഴിഞ്ഞു. ജനോപകാരപ്രദവും വികസനോന്മുഖവുമായ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയത്. അതിനാല്‍ അടുത്ത വര്‍ഷത്തേക്കുള്ള ഇ.എം.എസ്. ഭവന പദ്ധതി ലോണ്‍ തിരിച്ചടവ് തുക നല്‍കുക, സാമൂഹ്യക്ഷേമ വകുപ്പിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുക നല്‍കുക തുടങ്ങിയ പദ്ധതി പണം ചെലവിടുന്നതിനുള്ള കുറുക്കുവഴികളൊന്നും പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സ്ത്രീ ജീവനക്കാര്‍ ഉള്‍‌പ്പെടെയുള്ളവര്‍ അവധിദിനങ്ങളിലും രാത്രി വൈകിയും ജോലിയെടുത്തു. 51 പ്രോജക്ടുകള്‍ നിര്‍വഹണം നടത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ , 24 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ച വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ , 18 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.



Main menu 2