Jump to Navigation

ഇ - ഗവേര്‍ണന്‍സും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും

1992 ലെ 73, 74 ഭരണഘടന ഭേദഗതികളുടെ അടിസ്ഥാനത്തില്‍ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ യഥാസക്രമം 1994 ഏപ്രില്‍ 24 നും 1994 മേയ് 30 നും നിലവില്‍ വന്നു. ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും പട്ടികയില്‍പ്പെടുത്തി. പഞ്ചായത്ത് രാജ് നിയമത്തിലെ 3-ാം പട്ടികയില്‍ ഗ്രാമപഞ്ചായത്തിന്‍റേയും മുനിസിപ്പാലിറ്റി നിയമത്തിലെ ഒന്നാം പട്ടികയില്‍ നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നിയമങ്ങളില്‍ മേഖലാതല ചുമതലയില്‍ 13-ാമത് ഇനമായി "സാമൂഹ്യസുരക്ഷ പരിപാടികള്" എന്ന തലക്കെട്ടില്‍ വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍റെ നടത്തിപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളായി മാറി. ഇത് നടപ്പില്‍വരുത്തുന്നതിനായി സര്‍ക്കാര്‍ 1995 ڊ സെപ്തംബര്‍ 9 ന് സമഗ്രമായ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി (ജി.ഒ.(പി)189/95/തസ്വഭവ നമ്പര്‍). തുടര്‍ന്ന് ഇതിന്‍റെ നടത്തിപ്പ് സുഗമമാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള പെന്‍ഷനുകള്‍ കൈമാറിക്കൊണ്ട് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.

വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 1. ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സ്കീം.
  വാര്‍ദ്ധക്യകാല പെന്‍ഷന്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ പദ്ധതി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സ്കീം (NOAPS) എന്നും 19.11.2007 മുതല്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സ്കീം എന്നും അറിയപ്പെടുന്നു. ജി.ഒ.(പി)47/95/എസ്.ഡബ്ല്യു തീയതി 13.12.1995
 2. അഗതി പെന്‍ഷന്‍ (വിധവ/വിവാഹമോചിതര്‍)
  ജി.ഒ.(പി)11/97/സാ.ക്ഷേ.വ തീയതി 07.04.1997 ഈ ഉത്തരവിലൂടെ ഈ പെന്‍ഷന്‍ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു.
 3. വികലാംഗര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും മന്ദബുദ്ധികളായവര്‍ക്കും ഉള്ള പ്രത്യേക പെന്‍ഷന്‍ പദ്ധതി
  ജി.ഒ.(പി)11/97/സാ.ക്ഷേ.വ തീയതി 07.04.1997 ഈ ഉത്തരവിലൂടെ ഈ പെന്‍ഷന്‍ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു.
 4. കേരള കര്‍ഷക തൊഴിലാളി പെന്‍ഷന്‍.
  തൊഴില്‍ വകുപ്പ് മുഖേന നടപ്പിലാക്കി വന്നിരുന്ന ഈ പെന്‍ഷന്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു. ജി.ഒ(പി).18/98/തൊഴില്‍ തീയതി 16.04.1998
 5. 50 വയസ്സിന് മേലെ പ്രായമുള്ള അവിവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി
  01.04.2001 മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിവരുന്നു. ജി.ഒ.(എം.എസ്).14/2001/സ.ക്ഷേ.വ തീയതി 31.03.2001

ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ് മേല്‍ പറഞ്ഞ സാമൂഹ്യസുരക്ഷ പദ്ധതികളുടെ നടത്തിപ്പിന്‍റെ ചുമതല. പെന്‍ഷന്‍ പദ്ധതികളുടെ വിതരണം കൂടുതല്‍ കാര്യക്ഷമവും, ക്രമബന്ധവും സമയബന്ധിതവുമായി നടപ്പിലാക്കുന്നതിനാണ്, നിലവിലുള്ള നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി പഞ്ചായത്ത് വകുപ്പിന്‍റെ സഹായത്തോടെ ڇസേവന പെന്‍ഷന്‍ڈ എന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചു പ്രവര്‍ത്തനക്ഷമമാക്കി. അതുപയോഗിച്ച് സുരക്ഷാപെന്‍ഷന്‍ നടപടി ക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കി വരുന്നു. കോര്‍പ്പറേഷനുകളിലും, മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും നിലവിലുണ്ടായിരുന്ന പെന്‍ഷണര്‍മാരുടെ സമഗ്രമായ വിവരവ്യൂഹം സൃഷ്ടിച്ച് പ്രസ്തുത ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കൊണ്ട് ഇന്ന് പെന്‍ഷന്‍ വിതരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പെന്‍ഷന്‍ വിതരണത്തിന് അലോട്ട്മെന്‍റ് ലഭിച്ചാലും മാസങ്ങളോളം കഴിഞ്ഞാലെ മണിയോഡര്‍ തയ്യാറാക്കി പോസ്റ്റാഫീസുകളിലൂടെ പെന്‍ഷന്‍ വിതരണം നടത്താന്‍ സാധിക്കുമായിരുന്നുള്ളു എന്നാല്‍ ഇപ്പോള്‍ സമയനഷ്ടം ഒഴിവാക്കികൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സാധ്യമായിട്ടുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കൈമാറ്റം ചെയ്തുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയിലൂടെ പെന്‍ഷണര്‍മാരുടെ വിശദമായ വിവരവ്യൂഹം (Database) തയ്യാറാക്കുന്നതിനുള്ള സാങ്കേതികസഹായവും നിര്‍വ്വഹണവും ഐ.കെ.എമ്മാണ് നടത്തിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍, നോര്‍ത്ത് പറവൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളിലും പെന്‍ഷണര്‍മാരുടെ സമ്പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ അദാലത്തുകള്‍ നടത്തിക്കൊണ്ട്, ഐ.കെ.എം വിവരശേഖരണ പ്രക്രിയയുടെ പുതിയ മാതൃക സൃഷ്ടിക്കുകയുണ്ടായി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ കുടുംബശ്രീ/അയല്‍ക്കൂട്ടം പ്രവര്‍ത്തകരും ഐ.കെ.എം വാളന്‍റിയേഴ്സും സംയുക്തമായി പെന്‍ഷണര്‍മാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും, പെന്‍ഷര്‍മാരുടെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തുകൊണ്ടാണ,് ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലാകട്ടെ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തി പെന്‍ഷണര്‍മാര്‍ക്ക് സേവന പെന്‍ഷന്‍ ആപ്ലിക്കേഷനിലൂടെ ഫോട്ടോ ഐഡന്‍റിറ്റികാര്‍ഡുകള്‍ വിതരണം നടത്തുകയുമുണ്ടായി. പുതിയ ഓരോ പെന്‍ഷണര്‍മാര്‍ക്കും അദാലത്ത് നടത്തി ഐ.ഡി. കാര്‍ഡ് നല്‍കിയശേഷം മാത്രമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ മറ്റൊരു രീതിയാണ് വിവരശേഖരണത്തിന് പരീക്ഷിച്ചത്. പെന്‍ഷണര്‍മാര്‍ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രോഗപരിശോധനയും രോഗനിര്‍ണ്ണയവും നടത്തി, മരുന്നു വിതരണം ചെയ്യുകയും, സൗജന്യ ചികില്‍സക്ക് സേവന ആപ്ലിക്കേഷനിലൂടെ തല്‍സമയമെടുത്ത ഫോട്ടോ പതിച്ച മെഡിക്കല്‍/ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കുകയും, നേത്രരോഗികള്‍ക്ക് കണ്ണട വിതരണം നടത്തുകയും ചെയ്തുകൊണ്ടാണ് വിവരശേഖരണപ്രക്രിയ വിജയിപ്പിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച്, പെന്‍ഷണര്‍മാരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ വിജയകമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ പെന്‍ഷണര്‍മാരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമായതോടൊപ്പം പല അപാകതകള്‍ കണ്ടെത്തുന്നതിനും സാധിച്ചിട്ടുണ്ട്. ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുക, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധികാരപരിധിക്കു പുറത്തുള്ളവര്‍ക്കു പെന്‍ഷന്‍ നല്‍ക്കുക, സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ പെന്‍ഷന്‍ വാങ്ങുക എന്നിങ്ങനെ വളരെ ഗുരുതരമായ വീഴ്ചകള്‍ നടന്നുവന്നിരുന്നത് ഈയവസരത്തില്‍ കണ്ടെത്താനായതിനെ തുര്‍ന്നാണ്, അതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും, തെറ്റുകള്‍ തിരുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞത്. അദാലത്തുകളോ അപ്രകാരമുള്ള മറ്റുവിധ പ്രവര്‍ത്തനങ്ങളോ നടത്തി പെന്‍ഷണര്‍മാരുടെ പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞാല്‍, പെന്‍ഷന്‍ നടത്തിപ്പിലുണ്ടാകാവുന്ന പിഴവുകള്‍ ഇല്ലാതാക്കാമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ ബോധ്യമായിട്ടുണ്ട്. ഇത്തരത്തില്‍ അദാലത്തുകളും മറ്റും നടത്തി കുറ്റമറ്റ രീതിയില്‍ പെന്‍ഷണര്‍മാരുടെ ഒരു വിവരവ്യൂഹം തയ്യാറാക്കുന്നതിനു സാധിച്ചാല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പൂര്‍ണ്ണമായും അര്‍ഹരായവരുടെ കൈകളിലെത്തിക്കുന്നതിനും, അതിലൂടെ അനര്‍ഹരെ ഒഴിവാക്കി പൊതുഖജനാവിനെ സംരക്ഷിക്കുന്നതിനും, നിലവിലുള്ള പ്രതിമാസ പെന്‍ഷന്‍ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സേവന (പെന്‍ഷന്‍) സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ തയ്യാറാക്കപ്പെടുന്ന വിവിധ തരം റിപ്പോര്‍ട്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിനും കൂടി ഉപയോഗപ്രദമായിട്ടുള്ളതാണ്. പെന്‍ഷന്‍ വിതരണത്തിനു അലോട്ടുമെന്‍റുകള്‍ ലഭിച്ചാല്‍ തന്നെയും, പെന്‍ഷണറുടെ ലിസ്റ്റും മണിയോര്‍ഡര്‍ ഫോറവും എഴുതി തയ്യാറാക്കി ഗുണഭോക്താവിന് ലഭ്യമാക്കുന്നതിന് വളരെയേറെ കാലതാമസം മുന്‍കാലത്ത് നേരിട്ടിരുന്നത് പരിഹരിക്കപ്പെട്ടതോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കണ്ടിന്യൂയ്സ് മണിയോര്‍ഡര്‍ ഫോറത്തില്‍ പ്രിന്‍റെടുത്തും, അതുപോലെ ഇ-മണിയോഡര്‍ സംവിധാനത്തിലൂടെയും ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ എത്തിക്കുന്നതിന് ഇന്ന് അനായാസം സാധിക്കുന്നു. ഐ.കെ.എം നടത്തുന്ന ഇ- ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുനില്‍ക്കുന്ന വികേന്ദ്രീകൃത ഭരണകേന്ദ്രങ്ങളായ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനപ്രക്രിയകളെ ആധുനീകരിക്കുന്നുവെന്നു മാത്രമല്ല, ക്ഷേമരാക്ഷ്ട്രസങ്കല്‍പ്പത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അടിവരയിട്ടു പറയാം.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും www.welfarepension.lsgkerala.gov.in എന്ന വെബ്ബ് സൈറ്റിലൂടെ കണ്ടറിയാന്‍ കഴിയും. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്രോഡീകരിച്ച ഓരോ ഇനം പെന്‍ഷനെയും സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ലഭ്യവുമാണ്. വരും കാലത്തേയ്ക്ക് വിതരണത്തിനാവശ്യമായ തുകയും മറ്റു കണക്കുകളും മാസം, വര്‍ഷം എന്നിവ തിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനതലവകുപ്പ് അധികൃതര്‍ക്കും, സര്‍ക്കാരിനും ഉപയോഗപ്രദമാക്കാന്‍ ഇ-ഗവേര്‍ണന്‍സിലൂടെ സാധിച്ചിട്ടുണ്ട്. സുതാര്യവും, ഫലപ്രദവും, പിഴവുറ്റതും, കാലതാമസം ഒഴിവാക്കികൊണ്ടുള്ളതുമായ പൗരസേവന പ്രക്രിയയാണ് ഒരു ക്ഷേമരാഷ്ട്രത്തിന്‍റെ മുഖമുദ്ര.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം - സംസ്ഥാനതല വിവരം

പെന്‍ഷന്‍ തരം 2009-2010 2010-2011 2011-2012*
എണ്ണം രൂപ (കോടി) എണ്ണം രൂപ (കോടി) എണ്ണം രൂപ (കോടി)
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 394039 105.82 486022 93.08 514322 58.92
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 141205 33.80 170233 39.48 192576 22.81
ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ 151951 37.61 190961 41.33 215467 27.78
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ 32922 8.18 40849 9.37 45175 6.38
വിധവാപെന്‍ഷന്‍ 350380 82.97 473475 117.74 562608 70.70
ആകെ 1070497 268.38 1361540 301.00 1530148 186.59

* 2011-12-ന്‍റെ എണ്ണവും തുകയും ലോക്കല്‍ബോഡിയിലെ സോഫ്റ്റ്‌വെയര്‍ യൂണികോഡ് വെര്‍ഷനിലേക്ക് മാറ്റപ്പെട്ടവയുടെ മാത്രം വിവരങ്ങളാണ്. ദിനംപ്രതി മാറ്റം വരുന്നതാണ്.

എ. എം. മോഹനന്‍ നായര്‍
(കണ്‍സള്‍ട്ടന്‍റ് ഐ.കെ.എം)Main menu 2