Jump to Navigation

ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനത്തിന് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ പ്രസക്തി

ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും ലക്ഷ്യമാക്കിയുള്ള ക്രോഡീകരണവും, വിശകലനവും പ്രദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന നൂതന സാങ്കേതിക വിദ്യയാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജി.ഐ.എസ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമൊക്കെ ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.

സ്ഥാനീയ വിവരങ്ങള്‍ ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സുഗമവും സുതാര്യവും ജനകീയവുമാക്കാന്‍ കഴിയും.  ഇതിലേക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥാനീയ വിവരവ്യൂഹം നിര്‍മ്മിക്കുന്നതിനായി താഴെപറയുന്ന വിവരങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.

  • വാസസ്ഥലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം
  • സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും അതിര്‍ത്തി നിര്‍ണ്ണയം
  • റോഡുകളുടേയും റയില്‍വേലൈനുകളുടേയും അതിര്‍ത്തി നിര്‍ണ്ണയം
  • തോടുകളുടേയും മറ്റ് ജലാശയങ്ങളുടേയും അതിര്‍ത്തി നിര്‍ണ്ണയം
  • ആശയ വിനിമയ ശൃംഖലകള്‍ രേഖപ്പെടുത്തല്‍
  • വൈദ്യൂതി പോസ്റ്റുകളും വൈദ്യൂതി ശൃംഖലകളും മറ്റും അടയാളപ്പെടുത്തല്‍
  • കുടിവെള്ള ടാപ്പുകളുടേയും പൊതുജല വിതരണ സംവിധാനങ്ങളുടേയും രേഖപ്പെടുത്തലുകള്‍
  • വനമേഖലകളുടെ അതിര്‍ത്തി നിര്‍ണ്ണയം
  • തോട്ടം മേഖലകളും, ചതുപ്പുപ്രദേശവും ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളുടെയും അതിര്‍ത്തി നിര്‍ണ്ണയം
  • ഭൂമിയുടെ നിലവിലുള്ള ഉപയോഗം രേഖപ്പെടുത്തല്‍(ഭൂവിനിയോഗം)
  • പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയം   
  • ഭൂപ്രകൃതിയുടെ അതിര്‍ത്തി നിര്‍ണ്ണയം
  • നീര്‍തട മേഖലകളുടെ അതിര്‍ത്തി നിര്‍ണ്ണയം

ആസ്തി വിവരങ്ങള്‍, വസ്തു നികുതി, തൊഴില്‍ നികുതി, പരസ്യ നികുതി, വിവിധതരം ലൈസന്‍സ് വിവരങ്ങള്‍, കെട്ടിടങ്ങളുടെയും ഭൂമിയുടെയും വാടക, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലെ വിവരങ്ങള്‍ കൂടി സ്ഥാനീയ വിവരവ്യൂഹത്തിലേക്ക് ബന്ധിപ്പിക്കണം.  അതുപോലെ തദ്ദേശസ്ഥാപനങ്ങളിലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തി ശേഖരിക്കുന്ന വിവരങ്ങളും കൂടി ഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ്ണ വിവരവ്യൂഹ സഞ്ചയം ഉണ്ടാക്കാന്‍ കഴിയും.  ഈ വിവര വ്യൂഹ സഞ്ചയത്തില്‍ നിന്ന് ജി.ഐ.എസ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ പദ്ധതി ആസൂത്രണത്തിനും മികച്ച ഭരണ നിര്‍്വഹണത്തിന് ഉതകുന്ന താഴെപറയുന്ന ഗുണഫലങ്ങള്‍ ഉണ്ടാകുന്നതാണ്. 

  • കൃത്യമായ ആസൂത്രണ പ്രക്രിയകളിലൂടെ പ്രകൃതി ദത്ത വിഭവങ്ങളെ ഉപയോഗപ്പെടുത്തി താഴെ തട്ടിലുള്ള  വികസനം കൂടി സാധ്യമാണ്.
  • തദ്ദേശ സ്ഥാപനങ്ങളുടെ നികുതി സംഭരണം ചിട്ടപ്പെടുത്തുന്നതിലൂടെയും സുതാര്യവല്‍കരിക്കുന്നതിലൂടെയും സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.
  • സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സുതാര്യതയും ഗുണമേന്മയും  വര്‍ദ്ധിപ്പിക്കുന്നു.
  • തദ്ദേശ സ്ഥാപനങ്ങളുടെ വിശാലവും സമഗ്രവുമായ പുരോഗതിക്കായി വിവിധ മേഖലകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നു.
  • പ്രാദേശികതലത്തിലുള്ള ആസൂത്രണത്തിനായി വിഭവങ്ങളുടെ വിതരണം മനസിലാക്കി ഇവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നു.
  • ശാസ്‌ത്രീയമായ നഗരാസൂത്രണത്തിനും മികവുറ്റ ഭരണ സൌകര്യങ്ങള്‍ക്കും.

സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് ശൃംഖലയുടെ കൂടുതല്‍ കാര്യശേഷിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാനീയ വിവരശേഖരണ പ്രക്രിയകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രാരംഭം കൂറിച്ചിട്ടുണ്ട്.  കേരളത്തിലെ 158 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും കഡസ്ട്രല്‍ ഭൂപടം ഐ.കെ.എം തയ്യാറാക്കിയിട്ടുണ്ട്.  ഇത് സ്ഥാനീയ വിവരശേഖരണ പ്രക്രിയയുടെ അടിസ്ഥാന ഭൂപടമായി ഉപയോഗിക്കാവുന്നതാണ്.  മലപ്പുറം ജില്ലയിലെ താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഒരു ബൃഹത് വിവരസഞ്ചയ വ്യൂഹം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.  വെള്ളനാട്, തളിക്കുളം, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പള്ളിപ്പുറം, ഏറിയാട്, ശ്രീനാരായണപുരം, മതിലകം തുടങ്ങിയ ഗ്രാമപഞ്ചായത്തികളുടേയും ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ, നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ നഗരസഭകളുടേയും സ്ഥാനീയ വിവരവ്യൂഹ സഞ്ചയം ഐ.കെ.എം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നഗരസഭകളുടെ 2005 ഇലക്ഷന്‍ വാര്‍ഡ് അതിര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍  പ്രധാന റോഡുകള്‍, തോടുകള്‍, കുളങ്ങള്‍, ജംഗഷനുകള്‍, പ്രധാന ഭൌമ സൂചകങ്ങളും ഉള്‍കൊള്ളുന്നതാണ്.  ഈ അഡ്മിനിസ്‌ട്രേറ്റീവ് ഭൂപടങ്ങള്‍ വെബ് അധിഷ്ഠിതവുമാണ്. http://gis.lsgkerala.gov.in, http://gis.lsgkerala.in (beta versions) എന്നീ വെബ്‌ സൈറ്റുകളില്‍  ഈ വിവരങ്ങള്‍ ലഭ്യമാണ്.  കൂടാതെ സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് പെരിന്തല്‍മണ്ണ ജനമൈത്രി പോലീസിനു വേണ്ടി കുറ്റവാളികളെ പിടികൂടാന് ഗൂഗിള്‍ മാപ്പ് ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക സഹായം ഐ.കെ.എം നല്‍കി.

ജി.ഐ.എസ് അധിഷ്ഠിത ഭൂപടങ്ങളുടെ വിവര സഞ്ചയം തയ്യാറാക്കി അത് വേണ്ട വിധം തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ മാത്രമേ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയുടെ ലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ



Main menu 2