Jump to Navigation

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ പങ്ക്

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക എന്ന ഏകമുഖ ലക്ഷ്യത്തോടെ 1999 ല്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. സംസ്ഥാനത്ത് ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഇവയെ ജില്ലാ ആസൂത്രണ ഓഫീസുകളുമായും സംസ്ഥാന ആസൂത്രണ ബോര്‍ഡുമായും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുക, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുക്കുക, ഉദ്യോഗസ്ഥരെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നല്‍കി സജ്ജരാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സാങ്കേതിക സഹായം നല്‍കാന്‍ ഹെല്‍പ്ഡെസ്കുകള്‍ സ്ഥാപിക്കുക, കമ്പ്യൂട്ടര്‍ സംരക്ഷണത്തിനും മാനേജ്മെന്‍റിനും പ്രാപ്തിയുള്ള വിദഗ്ധരെ സജ്ജരാക്കുക, കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനത്തിനുവേണ്ട വിവര സഞ്ചയം (ഡാറ്റാ ബേസ്) കാലികമാക്കി നിലനിര്‍ത്തുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കി നല്‍കുക ഇവയെല്ലാമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ചുമതലകള്‍.

ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ വൈപുല്യം, സാങ്കേതിക സ്വഭാവം എന്നിവ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ വിവര-സംവേദന സാങ്കേതിക വിദ്യ (കഇഠ) ആയി ഈ പദ്ധതിയെ കാണാന്‍ കഴിയും. ജനകീയ പ്രശ്നങ്ങളോട് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിത്തീര്‍ക്കുന്നതിനും, സുതാര്യത മെച്ചപ്പെടുത്തുന്നതിലുടെ അറിയാനുള്ള അവകാശം സമൂഹത്തിന് ഉറപ്പാക്കുന്നതിനും സഹായകരമായ ഒരു വിവര വ്യവസ്ഥ സൃഷ്ടിക്കുകയെന്നതും ഈ പരിപാടിയുടെ ഒരു ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇതര കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടികളുമായി ചേര്‍ന്നു പ്രവര്‍ത്തിപ്പിക്കാനും ഐ.കെ.എം ലക്ഷ്യമിടുന്നുണ്ട്.

തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വളരെ നല്ല നിലയിലുള്ള മുന്നേറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ജനന-മരണ വിവാഹ രജിസ്ട്രേഷനുകള്‍, റവന്യൂ സംവിധാനം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം, അക്കൗണ്ടിംഗ് ഫയല്‍, മോണിറ്ററിംഗ് തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കൃത സംവിധാനം ത്വരിതഗതിയിലാണ് നടപ്പാക്കി വരുന്നത്. 1209 തദ്ദേശ ഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പും, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റുകളും, ഗ്രാമവികസന കമ്മീഷണറേറ്റും, സംസ്ഥാന ആസൂത്രണ ബോര്‍ഡും ചേരുന്ന ബൃഹത്തായ ഇ-ഗവേര്‍ണന്‍സ് പരിപാടിയാണ് നമ്മുടെ സംസ്ഥാനത്ത് ഇതുവഴി പ്രവര്‍ത്തിപഥത്തില്‍ എത്തിയിരിക്കുന്നത്.

ഇ-ഗവേര്‍ണന്‍സിന്‍റെ ഭാഗമായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 16 ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ മുന്‍കൈയ്യോടെ ഓരോ തദ്ദേശഭരണ സ്ഥാപത്തിലും ഭൗതികസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി, ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വിന്യസിപ്പിച്ച്, ജീവനക്കാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കികൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കഴിഞ്ഞിട്ടുണ്ട്.

ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും, ഫലപ്രദവുമാകുന്നതിനു വേണ്ടി ഐ.കെ.എം വികസിപ്പിച്ച വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍

 • സുലേഖ - പദ്ധതി മോണിറ്ററിംഗ് സംവിധാനം
 • സേവന - ജനന-മരണ വിവാഹ രജിസ്ട്രേഷനുകള്‍ക്കുള്ള സംവിധാനം
 • സേവന പെന്‍ഷന്‍ - സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതികളുടെ നിര്‍വഹണത്തിനുള്ള പാക്കേജ്
 • സഞ്ചിത - ഇലക്ട്രോണിക് നിയമോപദേഷ്ടാവ്
 • സഞ്ചയ - റവന്യൂ സംവിധാനം
 • സാംഖ്യ - അക്രൂവല്‍ അടിസ്ഥാനത്തിലുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സംവിധാനം
 • സകര്‍മ്മ - ഔദ്യോഗിക തീരുമാനങ്ങള്‍ക്കുള്ള വിവര വിനിമയ പാക്കേജ്
 • സുഭദ്ര - സാമ്പത്തിക മാനേജ്മെന്‍റ് സംവിധാനം
 • സൂചിക:- ദൈനംദിന ഔദ്യോഗിക നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള പാക്കേജ്
 • സംവേദിത:- തദ്ദേശസ്വയംഭരണ സ്ഥാപന വെബ്സൈറ്റ്
 • സചിത്ര - ഭൂപട നിര്‍മ്മാണം
 • സങ്കേതം - ബില്‍ഡിംഗ് പെര്‍മിറ്റ്
 • സാമൂഹ്യ - പൗരവിവര സഞ്ചയം
 • സ്ഥാപന -എസ്റ്റാബ്ളിഷ്മെന്‍റ്
 • സചിത്ര - ആസ്തി വിവരങ്ങള്‍
 • സുഗമ - പൊതു മരാമത്ത്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പലതും ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനം വഴിയാണ് നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മാത്രമല്ല, ജീവനക്കാര്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്ന സേവനങ്ങളാണ് ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് വഴി ലഭ്യമാകുന്നത്. ഇതിന്‍റെ ഏറ്റവും പ്രധാന പ്രത്യേകത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പോകാതെ തന്നെ പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നു എന്നതാണ്. ജനന-മരണ വിവാഹ രജിസ്ട്രേഷന്‍, വിവിധ സമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, വസ്തു നികുതി വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍, ടെണ്ടര്‍ വിവരങ്ങള്‍, പദ്ധതി വിവരങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്.. കൂടാതെ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിവരങ്ങള്‍, ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയുന്നതുമാത്രമല്ല, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും, ചിട്ടകൈവരിക്കുന്നതിനും, സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും കഴിയുന്നു. ഇതിനായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ വിവരങ്ങളാണ് വെബ് സര്‍വീസില്‍ ഉപയോഗിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സ് നിര്‍വഹണം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മാത്രമോ അതാത് തദ്ദേശഭരണ സ്ഥാപനം മാത്രമോ ചെയ്യേണ്ട കാര്യമല്ല. മറിച്ച് ഇവയോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റുകളും ഗ്രാമവികസന കമ്മീഷണറേറ്റും പ്രത്യേകമായ മോണിറ്ററിംഗും കോ-ഓര്‍ഡിനേഷനും നടത്തി നിര്‍വഹിക്കേണ്ട ഭരണ പരിഷ്കാര പ്രവര്‍ത്തനമാണ്. പഞ്ചായത്തുകളില്‍ അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം കൂടി നടപ്പിലാക്കിയതോടെ ഇ-ഗവേര്‍ണന്‍സ് നടപ്പാക്കുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങളും, തദ്ദേശസ്വയം ഭരണ വകുപ്പും ഐ.കെ.എമ്മും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്. ഇത്തരത്തില്‍ കൂട്ടായ്മയോടെയും, പരസ്പരബന്ധിതവുമായ പ്രവര്‍ത്തനം ദൃഢമാക്കി തദ്ദേശഭരണത്തെ ഇ-ഗവേര്‍ണന്‍സിലേക്ക് മാറ്റി കൂടുതല്‍ മെച്ചമായ സേവനം പൊതുസമൂഹത്തിന് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.കെ.എം ലക്ഷ്യമിടുന്നുണ്ട്

 

ഡോ: എം ഷംസുദ്ദീന്‍
എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍


Main menu 2