Jump to Navigation

മരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിന് സുഗമ

എഴുപത്തി മൂന്നും എഴുപത്തി നാലും ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക സര്‍ക്കാരുകളായി മാറിയ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് സംസ്ഥാനം കയ്യാളിയിരുന്ന വിവിധ അധികാരങ്ങളേയും ഉദ്യോഗസ്ഥരേയും അതോടൊപ്പം സമ്പത്തും വിഭജിച്ചു നല്‍കി. ഇങ്ങനെ വികസനപ്രക്രിയയിലെ ഏറ്റവും പ്രധാന ചുമതലക്കാരാകാന്‍ കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധ്യമായിട്ടുണ്ട്. അധികാരവികേന്ദ്രീ കരണ പ്രക്രിയയിലെ ഈ പരിഷ്കാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മാത്രമല്ല രാജ്യാന്തര ശ്രദ്ധപോലും പിടിച്ചുപറ്റിയതാണ്.

അധികാരവും സമ്പത്തും പ്രാദേശിക സര്‍ക്കാരുകളില്‍ എത്തിയപ്പോള്‍ സര്‍വ്വ മേഖലകളിലും ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുകയും എല്ലാ മേഖലകളിലും വികസനാവശ്യങ്ങള്‍ അനേകമനേകം പ്രോജക്ടുകളായി രൂപാന്തരപ്പെടുകയും ചെയ്തു. മറ്റേതൊരു വികസനമേഖലയിലും എന്നപോലെ പ്രാദേശികവികസന പ്രോജക്ടുകളിലും ഏറെയും മരാമത്തു പ്രവര്‍ത്തികളോ അവ ഉള്‍ക്കൊള്ളുന്നുവയോ ആണ് മറ്റ് പ്രോജക്ടുകളില്‍ നിന്നും വിഭിന്നമായി ഒരു മരാമത്തു പ്രോജക്ട് രൂപപ്പെടുത്തുന്നതിന് അനേകം കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട്. ഏതൊരു മരാമത്ത് പ്രവൃത്തിക്കും ഇന്‍വെസ്റ്റിഗേഷന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ്. പ്രവൃത്തി നടത്താനുള്ള സ്ഥലത്തെ മണ്ണിന്‍റെ ഘടന അറിയുകയെന്നുള്ളത് എല്ലാ മരാമത്തു പ്രവൃത്തികള്‍ക്കും വേണ്ട കാര്യമാണ്. പാലം പണിയ്ക്ക് നദിയിലൊഴുകുന്ന ജലത്തിന്‍റെ തോത്, ഏറ്റവും കൂടിയ ജലവിതാനം മഴയുടെ തോത്, റോഡിലൂടെ ഉണ്ടാകുന്ന വാഹനങ്ങളുടെ കണക്ക് തുടങ്ങി അനേകം വിവരാന്വേഷണവും നിരീക്ഷണവുമൊക്കെ വേണ്ടിവരും. കുടിവെള്ള പ്രോജക്ടിന് ഗുണഭോക്താക്കളുടെ എണ്ണം, വെള്ളത്തിന്‍റെ ലഭ്യത, ഉറവിടം, ജലസംഭരണിയുടെ സ്ഥാനം, ജലവിതരണം നടത്തുന്ന ലൈനുകള്‍ തുടങ്ങി അനേകം ഘടകങ്ങളുടെ ശേഖരണം വേണ്ടിവരും. മേല്‍പ്പറഞ്ഞ രീതിയിലുള്ള അന്വേഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമെ ഏതൊരു മരാമത്ത് പ്രവൃത്തിയും രൂപകല്‍പ്പന ചെയ്ത് ഡ്രായിംഗ് തയ്യാറാക്കി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കഴിയൂ. ഓരോ പ്രാദേശിക സര്‍ക്കാരുകളുടേയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പ്രോജക്ടുകള്‍ക്ക് ഒരേ സമയം പരിശോധനയും അനുവാദവും നല്‍കുന്ന രീതി അവലംബിച്ചിട്ടുള്ളതുകൊണ്ട് എല്ലാ മരാമത്തു പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് ഒരേ സമയം തയ്യാറാക്കേണ്ടതായി വരുന്നു.

മരാമത്തു പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് ജില്ലാ വികസന സമിതിയുടെ അംഗീകാരം ലഭിച്ച ശേഷവും പല നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. എസ്റ്റിമേറ്റിന്‍റെ തുക അനുസരിച്ച് വിവിധ മേല്‍ത്തട്ടു സാങ്കേതിക സമിതികളുടെ പരിശോധനയ്ക്കു ശേഷം ബന്ധപ്പെട്ട ടെക്നിക്കല്‍ ഗ്രൂപ്പില്‍ നിന്നും സാങ്കേതിക അനുമതി വാങ്ങുക, സാങ്കേതികാനുമതി ലഭിച്ച പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍ ഷെഡ്യൂള്‍ തയ്യാറാക്കി, ടെണ്ടര്‍ ചെയ്ത കരാറുകാരനെ കണ്ടെത്തുക, അല്ലെങ്കില്‍ ഗുണഭോക്തൃ സമിതി, അക്രഡിറ്റഡ് ഏജന്‍സികള്‍ തുടങ്ങിയവയില്‍ നിന്ന് നിര്‍വ്വഹണ ഏജന്‍സിയെ കണ്ടെത്തി കരാറിലേര്‍പ്പെടുക തുടങ്ങിയവയൊക്കെ ഏന്‍ജിനീയറുടെ ചുമതലകളാണ്. ഗുണനിലവാരം ഉറപ്പാക്കി, നിര്‍ദ്ദിഷ്ട കാലാവധിയ്ക്കുള്ളില്‍ പണിപൂര്‍ത്തീകരിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക തുടങ്ങിയ ചുമതലകളും എഞ്ചിനീയറില്‍ നിക്ഷിപ്തമാണ്. ചുരുക്കത്തില്‍ ആസൂത്രണത്തഘട്ടത്തിലും നിര്‍വ്വഹണ ഘട്ടത്തിലും, അതിനു ശേഷവും ഉള്ള ചുമതലകള്‍ നിറവേറ്റി അനേകം നിര്‍മ്മാണ പ്രോജക്ടുകള്‍ ഒരേ സമയം നടപ്പാക്കുന്നത് പ്രാദേശിക ഗവണ്‍മെന്‍റുകളിലെ എഞ്ചിനീയര്‍മാര്‍ നേരിടുന്ന ഭാരിച്ച വെല്ലുവിളിയാണ്.

വികസന പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് മരാമത്തു പ്രവൃത്തികളുടെ സമയബന്ധിത നിര്‍വ്വഹണം നിര്‍ണ്ണായക പങ്ക് വഹിക്കുന്നു എന്നതാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എഞ്ചിനീയറുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമെ മരാമത്തു പ്രവൃത്തികള്‍ ഗുണമേന്മ ഉറപ്പാക്കി, സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയൂ.

എഞ്ചിനീയര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനോടൊപ്പം, ഏകീകൃത മാനദണ്ഡങ്ങള്‍, സുതാര്യത തുടങ്ങിയവ പാലിച്ചും എസ്റ്റിമേറ്റ് തയ്യാറാക്കി, സാങ്കേതികാനുമതി ലഭ്യമാക്കി, നര്‍വ്വഹണ ഏജന്‍സിയെ നിശ്ചയിക്കുക, അളവുകള്‍ രേഖപ്പെടുത്തി ബില്‍ തയ്യാറാക്കി നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സോഫ്റ്റ്വെയര്‍ തയ്യാറാക്കുക എന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ പരിഗണനയില്‍ കുറെ കാലമായി നിലനിന്നിരുന്നതാണ്. സുഗമ എന്ന ഈ സോഫ്റ്റ്വെയറില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളുടെ വിപുലത, സാങ്കേതികത്വം ഒക്കെ കണക്കാക്കി ഘട്ടം ഘട്ടമായാണ് ഈ സോഫ്റ്റ്വെയര്‍ ഡെവലപ്പ് ചെയ്യുന്നത്.

അംഗീകൃത പ്ലാന്‍ തയ്യാറാക്കി ഓരോ ഇനം പ്രവൃത്തിയിലും അടങ്ങിയിട്ടുള്ള അളവുകള്‍ രേഖപ്പെടുത്തിയാല്‍ വിശദമായ എസ്റ്റിമേറ്റ്, നിരക്കുകള്‍ (ഡാറ്റ) എസ്റ്റിമേറ്റ് തുക വ്യക്തമാക്കുന്ന അബ്സ്ട്രാക്റ്റ് ഓഫ് എസ്റ്റിമേറ്റ്, നിര്‍വ്വഹണത്തിനാവശ്യമായ വര്‍ക്ക് ഷെഡ്യൂള്‍ എന്നിവ ലഭിക്കുന്ന ഒന്നാം ഘട്ട സോഫ്റ്റ്വെയര്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ രൂപകല്‍പ്പനയും (ഡിസൈന്‍) ഡ്രായിംഗ്സും മനുഷ്യ പ്രയത്നത്താല്‍ നിര്‍വ്വഹിക്കേണ്ടതാണ്.

ഓരോ ഇനം പ്രവൃത്തിയുടേയും സ്പെസിഫിക്കേഷന്‍ പി.ഡബ്ല്യു.യു.ഡി ഡാറ്റാ ബുക്കില്‍ നിന്നാണ് സോഫ്റ്റ്വെയറില്‍ സ്വീകരിച്ചിട്ടുള്ളത്. സൗകര്യത്തിനായി ഡാറ്റാബുക്കിലെ വിവിധ അദ്ധ്യായങ്ങളെ തരംതരിച്ച് നല്‍കിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള ഇനം പ്രവൃത്തി അടങ്ങുന്ന കാറ്റഗറി തെരഞ്ഞെടുത്ത് സബ് കാറ്റഗറി തെരഞ്ഞെടുക്കുന്നതിലൂടെ അതിലടങ്ങിയിട്ടുള്ള സ്പെസിഫിക്കേഷന്‍ മുഴുവന്‍ സ്ക്രീനിന്‍റെ ഒരുവശത്തു തെളിയും. നമുക്കാവശ്യമുള്ള സ്പെസിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ ഐറ്റം ഐഡിയും മറ്റു വലതുഭാഗത്തു തെളിയും. എസ്റ്റിമേറ്റിനുള്ള ബട്ടണില്‍ ക്ലിക്ക ചെയ്താല്‍ വിശദമായ എസ്റ്റിമേറ്റിന്‍റെ സ്ക്രീന്‍ തെളിയുകയും അളവുകള്‍ രേഖപ്പെടുത്തുകയും ചെയ്യാം. പ്രോജക്ടിന്‍റെ പൊതു വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നുള്ളതാണ് ആദ്യപടി. അതില്‍ നിര്‍വ്വഹണ ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതോട് കൂടി, ആ നിര്‍വ്വഹണ സംവിധാനത്തിനനുയോജ്യ മായ നിരക്കുകള്‍ ആയിരിക്കും എസ്റ്റിമേറ്റില്‍ ഉണ്ടാവുക. ഉദാഹരണമായി നിര്‍വ്വഹണ ഏജന്‍സി ഗുണഭോക്തൃ സമിതി ആണെങ്കില്‍ എസ്റ്റിമേറ്റ് നിരക്കുകളില്‍ കരാറുകാരന്‍റെ ലാഭവിഹിതം ഉണ്ടായിരിക്കുകയില്ല. ഡ്രായിംഗ് പ്രകാരമുള്ള ഓരോ ഇനം പ്രവൃത്തി തെരഞ്ഞെടുത്ത് അളവുകള്‍ രേഖപ്പെടുത്തുന്ന ജോലിമാത്രമാണ് എഞ്ചിനീയര്‍ ചെയ്യാനുള്ളത്. അതോടുകൂടി വിശദമായ എസ്റ്റിമേറ്റ് (ഡീറ്റൈല്‍ഡ് എസ്റ്റിമേറ്റ്) നിരക്കുകള്‍, (ഡേറ്റ) വിശദമായി കണക്കുകൂട്ടിയ ക്വോണ്ടിറ്റി, നിരക്ക്, സ്പെസിഫിക്കേഷന്‍, തുക ആകെ കാണിക്കുന്ന അബ്സ്ട്രാകറ്റ് ഓഫ് എസ്റ്റിമേറ്റ്, വര്‍ക്ക് ഷെഡ്യൂള്‍ ഒക്കെ ലഭ്യമാകും.

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പി.ഡബ്ല്യു.യു.ഡി. ഡാറ്റാ ബുക്കിലെ അദ്ധ്യായങ്ങളേയും സ്പെസിഫിക്കേഷനേയുമാണ് അടിസ്ഥാനപരമായി അവലംബിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍ ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടാത്ത ആനേകം ഇനം പ്രവൃത്തികള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. അപ്രകാരം ഉള്ള ഇനങ്ങളും റേറ്റും തയ്യാറാക്കി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താനും സുഗമ സോഫ്റ്റ്വെയറില്‍ സംവിധാനം ഉണ്ട്. ചുരുക്കത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സോഫ്റ്റ്വെയറില്‍ ഉണ്ട്. ഒരു എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി മുകള്‍ തട്ടിലേക്ക് അയച്ചു കഴിഞ്ഞാല്‍ അത് തിരിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ആ എഞ്ചിനീയര്‍ക്ക് പിന്നീട് കഴിയില്ല. മേല്‍ത്തട്ടിലെ എഞ്ചിനീയര്‍ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടാതെ തിരിച്ച് കൊടുത്താല്‍ മാത്രമേ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കഴിയൂ. (എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും കട്ട് ചെയ്യാനും കോപ്പി ചെയ്യാനും പേസ്റ്റ് ചെയ്യാനും എല്ലാം കഴിയും.)

തദ്ദേശഭരണസ്ഥാപനങ്ങളിലെ എസ്റ്റിമേറ്റുകള്‍ സാങ്കേതികാനുമതി നല്‍കുന്നതിന് ബ്ലോക്ക്തല, ജില്ലാതല സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റികള്‍ ഉള്ള വിവരം അറിയാമല്ലോ. താഴെത്തട്ടില്‍ സുഗമ ആപ്ലിക്കേഷനിലൂടെ തയ്യാറാക്കപ്പെടുന്ന എസ്റ്റിമേറ്റ് 15 ലക്ഷംവരെയുള്ളത് ബ്ലോക്ക്തല ടെക്നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കുന്നു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കണ്ടവീനറായ ജില്ലാ ടെക്നിക്കല്‍ കമ്മിറ്റികള്‍ക്ക് 200 ലക്ഷം രൂപ വരെയുള്ള എസ്റ്റിമേറ്റുകള്‍ക്ക് സാങ്കേതികാനുമതി നല്‍കാം. സാങ്കേതികാനുമതി ലഭിച്ച എസ്റ്റിമേറ്റിന് പിന്നീട് റിവൈസ്ഡ് എസ്റ്റിമേറ്റിലൂടെ മാത്രമേ മാറ്റം വരുത്താന്‍ സാധിക്കൂ.

സുഗമ സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നതിന് വിവിധതരം ഉപയോക്താക്കളെ തരം തിരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഓപ്പറേറ്റര്‍, അത് പരിശോധിക്കുന്ന വെരിഫെയര്‍, അംഗീകാരം നല്‍കുന്ന അപ്രൂവര്‍ ഈ ചുമതലകളൊക്കെ നിശ്ചയിച്ച് നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ എന്നിവയാണ് സുഗമ സോഫ്റ്റ്വെയറിലെ ഉപയോക്താക്കള്‍. (ഇതില്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഒരു എഞ്ചിനീയര്‍ തന്നെ അപ്രൂവര്‍ ആയും വെരിഫെയര്‍ ആയും പ്രവര്‍ത്തിക്കേണ്ടി വരും.) ഉദാഹരണമായി ബ്ലോക്ക്തല ടെക്നിക്കല്‍ കമ്മിറ്റിയിലെ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ 15 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകളെ സംബന്ധിച്ച് അപ്രൂവറും 15 ലക്ഷത്തില്‍ കൂടിയ എസ്റ്റിമേറ്റുകള്‍ക്ക് വെരിഫയര്‍ ആയും വര്‍ത്തിക്കേണ്ടി വരും.

ഒന്നാം ഘട്ട സോഫ്റ്റ്വെയറിന്‍റെ പ്രവര്‍ത്തനക്ഷമതയെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നടത്തിയ വിവിധ ഘട്ട നിരീക്ഷണങ്ങള്‍ക്ക് പുറമെ, കോഴിക്കോട് കോര്‍പ്പറേഷന്‍ മറ്റ് തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദഗ്ദ്ധ എഞ്ചിനീയര്‍മാര്‍ തുടങ്ങി പല വേദികളില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ ഇനിയും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവന്നേക്കാം അപ്രകാരമുള്ളവ പ്രാവര്‍ത്തികമാക്കാന്‍ തക്കവിധമാണ് സോഫ്റ്റ്വെയറിന് രൂപം കൊടുത്തിട്ടുള്ളത്.

സുഗമ സേഫ്റ്റ്വെയറിന്‍റെ അടുത്തപടിയായ ടെണ്ടര്‍ നടപടിക്രമങ്ങള്‍, അളവുകള്‍ രേഖപ്പെടുത്തല്‍, ബില്‍ തയ്യാറാക്കല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. താമസംവിനാ അതു വിന്യസിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

സുഗമ ആപ്ലിക്കേഷനിലൂടെ ഒരു പ്രോജക്ടിന് ചെലവിടുന്ന സാധനങ്ങളുടെ കണക്ക്, തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍, അസറ്റ് (Asset) സംബന്ധിച്ച വിവരങ്ങള്‍ ഒക്കെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കൂടാതെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സുലേഖ, സാംഖ്യ, സചിത്ര എന്നീ സോഫ്റ്റ്വെയറുകളുമായി ലിംങ്ക് ചെയ്യുന്നതിലൂടെ ആസൂത്രണ പ്രക്രിയയില്‍ ഒരു സുപ്രധാന ചുവട് വയ്പ്പിന് കൂടി വഴിയൊരുക്കും. സചിത്ര സുഗമയുമായി ലിങ്ക് ചെയ്യുന്നതിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തികളുടെ കൃത്യതയും പരിപാലനവും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയും. ഭാവിയില്‍ ഓട്ടോ കാഡില്‍ ഡ്രായിംഗ് തയ്യാറാക്കുന്ന ജോലി മാത്രം എഞ്ചിനീയര്‍ ചെയ്താല്‍ മരാമത്ത് നിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം ഞൊടിയിടയില്‍ കമ്പ്യൂട്ടര്‍ ചെയ്യുന്ന പ്രക്രിയയിലേക്ക് സുഗമ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

എഞ്ചിനീയര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതോടൊപ്പം, കാര്യക്ഷമവും ഗുണമേന്മയുള്ളതും സുതാര്യവുമായ നിര്‍മ്മാണ പ്രക്രിയയ്ക്ക് സുഗമ സോഫ്റ്റ്വെയര്‍ വഴിയൊരുക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്.

എന്‍. അപ്പുക്കുട്ടന്‍പിള്ള
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (റിട്ട), കണ്‍സട്ടന്‍റ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍Main menu 2