വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയര്
കഴിഞ്ഞ രണ്ട് പഞ്ചവത്സര പദ്ധതി കാലങ്ങളിലായി സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് (ഐ.കെ.എം) വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് മോണിട്ടര്‍ ചെയ്ത് വരുന്നത്. ഈ അനുഭവം മുന്‍നിര്‍ത്തി, പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കുന്നതിന് വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ് വെയര്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു. പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. വെബ് അധിഷ്ഠിതമായി ഓരോ നിര്‍വഹണ ഉദ്യോഗസ്ഥന്/അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തി പ്രോജക്റ്റ് ഡാറ്റാ എന്‍ട്രി ചെയ്യുകയും ആയത് നിര്‍വഹണ ഉദ്യോഗസ്ഥന് പരിശോധിച്ച് ഉറപ്പു വരുത്തുകയും, കൂടാതെ പ്രോജക്ടുകള്‍ ശുപാര്‍ശയ്ക്കായും സൂക്ഷ്മ പരിശോധന നടത്തി അംഗീകാരത്തിനായും അതാത് ഉദ്യോഗസ്ഥര്‍ക്ക് വെബ് അധിഷ്ഠിതമായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്വെയര് വികസിപ്പിച്ചിട്ടുള്ളത്.
പ്രോജക്ട് രൂപീകരണം (Project Formulation)
സുലേഖ സോഫ്റ്റ്വെയര് ഉപയോഗിച്ച് വെബ് അധിഷ്ഠിതമായി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് ഓരോ നിര്‍വഹണ ഉദ്യോഗസ്ഥനും ഉപയോക്തൃനാമം (Username), സുരക്ഷാപദം (Password) എന്നിവ ആവശ്യമാണ്. ആദ്യ ഘട്ടത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിക്കും, പദ്ധതി കൈകാര്യം ചെയ്യുന്ന ക്ലെര്ക്കിനും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് യൂസര്‍നെയിം, പാസ്വേര്ഡ് എന്നിവ നല്‍കുന്നതാണ്. ഇത് ഉപയോഗിച്ചു www.plan.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു സെക്രട്ടറിമാര്‍ അവരുടെ പാസ്വേര്ഡ് മാറ്റേണ്ടതാണ്. കൂടാതെ സെക്രട്ടറിമാര്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥന്മാര്ക്കും വ്യത്യസ്ത യൂസര്‍നെയിം, പാസ്വേര്ഡ് എന്നിവ നല്കുന്നതുമാണ്. ഇങ്ങനെ ലഭിക്കുന്ന പാസ്വേര്ഡും അതാത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍മാര്‍ മാറ്റേണ്ടതാണ്. ഇത്തരത്തില്‍ സെക്രട്ടറിമാരും, നിര്‍വ്വഹണ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് സോഫ്റ്റ്വെയര് മുഖാന്തിരം ലഭിക്കുന്ന പാസ്വേര്ഡ് മാറ്റിയാല്‍ മാത്രമേ സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. മാറ്റം വരുത്തിയ പാസ്വേര്ഡ് ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പ്രോജക്ടുകള്‍ ഓണ്‍ലൈനായി തയ്യാറാക്കാന്‍ സാധിക്കുന്നു. (ആവശ്യമെങ്കില്‍ ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് യൂസര്‍നെയിം, പാസ്വേര്ഡ് എന്നിവ നല്‍കാവുന്നതാണ്)
പദ്ധതി ആസൂത്രണ മാര്ഗ്ഗരേഖയുടേയും പ്രോജക്ട് രൂപീകരണ മാര്ഗ്ഗരേഖയുടേയും അടിസ്ഥാനത്തിലുള്ള നിബന്ധനകളും വാലിഡേഷനുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സുലേഖയുടെ വെബ് അധിഷ്ഠിത സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ലഭ്യമാകുന്ന വികസന ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയില്‍ നിന്നും മേഖലാ പരിധിയിലുള്ള പ്രോജക്ടുകള്‍ക്കും, പ്രത്യേക പദ്ധതികള്‍ക്കും നിര്‍ബന്ധമായും വകയിരുത്തേണ്ട തുക ഉപയോഗിച്ച് മാത്രമേ അവരുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന് സാധ്യമാകുകയുള്ളൂ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്ന് സുലേഖ വഴി ഉറപ്പുവരുത്താന്‍ കഴിയും. കൂടാതെ പ്രോജക്ട് റിപ്പോര്‍ട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രോജക്ടിന്റെ ഭരണാനുമതി
എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് അനുമതിയ്ക്കായി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതാത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അവരുടെ ലോഗിനൂടെ പ്രോജക്ടുകള്‍ കാണാനും അവ സൂക്ഷ്മ പരിശോധന നടത്തി അതാത് സ്റ്റാന്റിംഗ് കമ്മിറ്റിയിക്ക് നല്‍കുന്നതിനും കഴിയുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനം രേഖപ്പെടുത്തി എല്ലാ പ്രോജക്ടുകളും ഭരണ സമിതിയ്ക്ക് നല്കി അംഗീകാരം നേടുന്നു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം അംഗീകാരത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി അയയ്ക്കാവുന്നതാണ്.
പ്രോജക്ട് സൂക്ഷ്മ പരിശോധന/ശുപാര്‍ശ/അംഗീകാരം (Project appraisal/recommendation/approval)
പ്രോജക്ടുകള്‍ പരിശോധിച്ച് തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അവയ്ക്ക് ഭരണാനുമതി നല്കിയാല് അടുത്ത ഘട്ടം അംഗീകാര നടപടിയാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് അവരുടെ മുകള്‍തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. ആവശ്യമായ അനുമതികളുടേയും ശുപാര്‍ശകളുടേയും അടിസ്ഥാനത്തിലായിരിക്കണം പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു ഉദ്യോഗസ്ഥന് തന്നെ വ്യത്യസ്ത പ്രോജക്ടുകളുടെ അംഗീകാരം നല്കുന്ന ഉദ്യോഗസ്ഥനായും ശുപാര്‍ശ നല്കുന്ന ഉദ്യോഗസ്ഥനായും പ്രവര്‍ത്തിക്കേണ്ടതായി വരാം. (ഉദാഹരണമായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒരു കൃഷി പ്രോജക്ടിന് അംഗീകാരം നല്കേണ്ടതായും വരും, ഒരു ജലസേചന പ്രോജക്ടിന് ശുപാര്‍ശ ചെയ്യേണ്ടതായും വരും). ഒരു നിര്‍വ്വഹണ ഉദ്യോഗസ്ഥന് തയ്യാറാക്കുന്ന പ്രോജക്ട് അതാത് വിഷയമേഖലയില്‍ വരുന്ന മേലുദ്യോഗസ്ഥന് ശുപാര്‍ശയ്ക്കോ അംഗീകാരത്തിനോയോ ഓണ്‍ലൈനായി അയയ്ക്കുന്നതനുസരിച്ച് പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രത്യേക യൂസര്‍നെയിം/പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് സോഫ്റ്റ്വെയറില് പ്രവേശിച്ച് അതാത് പ്രോജക്ടുകളില്മേല് വേണ്ട തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്ക് പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പ്രോജ്ക്ട് അംഗീകരിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ജില്ലാ കളക്ടര്‍മാര്‍ ആകയാല്‍ അവര്‍ക്കുള്ള യൂസര്‍ നെയിം, പാസ്വേര്ഡ് എന്നിവ അനുവദിക്കുന്നത് ജില്ലാകളക്ടര്‍മാരാണ്. കൂടാതെ ജില്ലാപഞ്ചായത്തുകളുടേയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടേയും പ്രോജക്ട് അംഗീകാര ഉദ്യോഗസ്ഥര്‍ക്കുള്ള യൂസര്‍ നെയിം, പാസ്വേര്ഡ് എന്നിവ അതാത് സംസ്ഥാനതല ഉദ്യോഗസ്ഥരായിരിക്കും അനുവദിക്കുന്നത്. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ കളക്ടറേറ്റുകളിലും എല്ലാ സംസ്ഥാനതല ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്.
പ്രോജക്ട് പരിശോധന/ശുപാര്‍ശ/അംഗീകാരം എന്നിവയ്ക്കുള്ള ലോഗിനില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രോജക്ടില്മേല് സൂക്ഷ്മ പരിശോധന നടത്തി സാക്ഷ്യപ്പെടുത്താവുന്നതാണ്. പ്രോജക്ട് പരിശോധനയ്ക്കും അംഗീകാരത്തിനുമുള്ള ഫോറം റിപ്പോര്‍ട്ട് രൂപത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.
ജില്ലാ ആസൂത്രണ സമിതി അംഗീകാരം
രണ്ട് വര്‍ഷത്തെ പ്രോജക്ടുകളുടെ ലിസ്റ്റ് ഉള്‍പ്പെട്ട ഭരണ സമിതി അംഗീകരിച്ച വാര്‍ഷിക പദ്ധതി രേഖയാണ് ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം വാങ്ങേണ്ടത്. ഓണ്‍ലൈന്‍ വഴി തയ്യാറാക്കി അംഗീകരിച്ച പ്രോജക്ടുകള്‍ അടങ്ങിയ ക്രോഡീകരിച്ച പദ്ധതി രേഖ, മറ്റ് അവശ്യരേഖകള്‍ ഒണ്‍ലൈനായി ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഡി.പി.സി അജണ്ടാകുറിപ്പ് വെബ്സൈറ്റിലൂടെ ജനറേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം അജണ്ടാക്കുറിപ്പിന്റേയും സമര്‍പ്പിച്ച രേഖകളുടേയും അടിസ്ഥാനത്തില്‍ മെമ്പര്‍ സെക്രട്ടറി (ജില്ലാ കളക്ടര്‍) യ്ക്ക് അവരുടെ യൂസര്‍നെയിം പാസ്വേര്ഡ് ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രേഖ പരിശോധിച്ച് അംഗീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില് ലഭ്യമാക്കുന്നതാണ്. കൂടാതെ ജില്ലാ ആസൂത്രണ സമിതി മെമ്പര്‍സെക്രട്ടറിയുടെ നടപടി ഉത്തരവും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നതാണ്.
സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനും കൂടാതെ പ്രോജക്ടുകള്‍ ഭേദഗതി വരുന്നുണ്ടെങ്കില്‍ അവ ഭേദഗതി ചെയ്ത് അംഗീകരിക്കുന്നതിനും, പദ്ധതി രേഖ ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിയ്ക്ക് വീണ്ടും സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വെബ് അധിഷ്ഠിത സേവനത്തിലൂടെ ലഭ്യമാക്കുന്നതാണ്.
ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന കമ്മിറ്റികള്‍ മുതല്‍ പദ്ധതി മോണട്ടറിംഗ് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഐ കെ എം ന്റെ മറ്റ് വിവിധ സോഫ്റ്റ്വെയറുകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ്. മരാമത്തു പണികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഇംപ്ലിമെന്റിംഗ് ഏജന്‍സി മുഖേന നടപ്പാക്കി അളവ് എടുത്ത് ബില്ല് തയ്യാറാക്കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് വികസിപ്പിച്ചെടുത്തിട്ടുള്ള څസുഗമچ ആപ്ലിക്കേഷന്‍ വെബ് അധിഷ്ഠിതമാക്കുകയും സുലേഖയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതിലൂടെ നിര്‍മ്മാണ പ്രവൃത്തികള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അവ നിയമാനുസൃതമാണെന്നും സബ്സിഡി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും, എസ്റ്റിമേറ്റുകള്‍ അംഗീകൃത നിരക്കുകള്‍ പ്രകാരമാണെന്നും പരിശോധിക്കപ്പെടുകയും പ്രോജക്ടുകളോടൊപ്പം മരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് കൂടി നിഷ്പ്രയാസം ലഭ്യമാക്കുന്നതിനും സാധിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിനായി ഐ കെ എം വികസിപ്പിച്ചിട്ടുള്ള څസാംഖ്യچ സോഫ്റ്റ്വെയറുമായി സുലേഖ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഓരോ പ്രോജക്ടിനും ട്രഷറിയില്‍ നിന്ന് പിന്‍വലിയ്ക്കേണ്ട ബില്‍ തുക തത്സമയം തന്നെ രേഖപ്പെടുത്തുന്നതിനും ഇതിലൂടെ ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി നിഷ്പ്രയാസം വിലയിരുത്തുന്നതിനും സാധിക്കുന്നു. നിലവില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി ചെലവ് കണക്കുകള്‍ സാമ്പത്തിക വര്‍ഷം അസാനിച്ചതിന് ശേഷം തയ്യാറാക്കി സമര്‍പ്പിക്കുകയാണ് പതിവ്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സാംഖ്യ വിന്യസിപ്പിച്ച് സുലേഖ സോഫ്റ്റ് വെയറുമായി സംയോജിപ്പിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതി കണക്കുകള്‍ മാര്‍ച്ച് 31 ന് തന്നെ അന്തിമമാക്കുന്നതിനും വിലയിരുത്തുന്നതിനും നിഷ്പ്രയാസം സാധിക്കുന്നു. ഇതിന് പുറമേ കൗണ്‍സില്‍, കമ്മിറ്റികള്‍ എന്നിവയുടെ മിനിട്ട്സ് കൈകാര്യം ചെയ്യുന്നതിന് ഐ.കെ.എം വികസിപ്പിച്ചെടുത്തിട്ടുള്ള څസകര്‍മ്മچ ആപ്ലിക്കേഷന്‍ സുലേഖയുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണ്. ഇതിലൂടെ പ്രവര്‍ത്തന കമ്മിറ്റി, ഗ്രാമസഭ, വര്‍ക്കിംഗ് ഗ്രൂപ്പ്, പഞ്ചായത്ത് യോഗം, സ്റ്റാന്റിംഗ് കമ്മിറ്റി യോഗം, സ്റ്റിയറിംഗ് കമ്മിറ്റി യോഗം എന്നിവയുടെ അജണ്ട, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ യോഗ തീരുമാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് സാധിക്കുന്നു.
സുലേഖ സോഫ്റ്റ് വെയറിന്റെ വെബ് അധിഷ്ഠിത സേവനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ്, പഞ്ചാത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, പ്ലാനിംഗ് ഓഫീസുകള്‍, അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപയുക്തമാകുന്നതാണ്. കൂടാതെ www.plan.lsgkerala.gov.in എന്ന പരിഷ്കരിച്ച വെബ്സൈറ്റിലൂടെ ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും പ്രോജക്ടുകളുടെ മേഖല, ഉപമേഖല, സൂക്ഷ്മമേഖല, സ്രോതസ്സ് തുടങ്ങിയവ തിരിച്ചുള്ള വകയിരുത്തല്‍, ചെലവ് റിപ്പോര്‍ട്ടുകളും അവയുടെ സംഗ്രഹ റിപ്പോര്‍ട്ടുകളും, ചാര്‍ട്ട്, ഗ്രാഫ് രൂപത്തില്‍ കൂടുതല്‍ ഉപയുക്തമായ രീതിയില്‍ ലഭ്യമാക്കുകയും തെരച്ചില്‍ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായം നല്‍കുന്നതിനും സംസ്ഥാന തല ഹെല്പ് ഡെസ്ക് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപന തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വെബ് അധിഷിഠിത സുലേഖ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിന് ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ 14 ജില്ലാ പ്ലാനിംഗ് ഓഫീസുകളിലായി സാങ്കേതിക സഹായം നല്‍കുന്നതിനായി ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- 3411 reads