Jump to Navigation

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കൃത അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല - കാസറഗോഡ്

എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കൃത അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല എന്ന ബഹുമതി കാസറഗോഡ് കൈവരിച്ചതായി ഇക്കഴിഞ്ഞ ജൂലൈ 21-ന് ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഇതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കിയത്.

കുമ്പള ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ച് ബഹു. പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ലാപ്ടോപ്പ് സ്വിച്ച് അമര്‍ത്തി സാംഖ്യ വെബ് സൈറ്റിലൂടെ (www.finance.lsgkerala.gov.in) കാസറഗോഡ് ജില്ലയുടെ അക്കൗണ്ടിംഗ് വിവരങ്ങള്‍ പ്രകാശിപ്പിച്ചായിരുന്നു ഉദ്ഘാടനം. അതോടൊപ്പം www.tax.lsgkerala.gov.in എന്ന സഞ്ചയ വെബ്സൈറ്റില്‍ നിന്ന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പി എച്ച് റംലയ്ക്ക് നല്‍കിക്കൊണ്ട് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി പഞ്ചായത്തുകളില്‍ നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ബഹു.മുഖ്യമന്ത്രി നിര്‍വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി സേവനാവകാശനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പഞ്ചായത്തുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവര്‍ക്കും കമ്പ്യൂട്ടര്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഇ-ഗവേണന്‍സ് രംഗത്ത് സര്‍ക്കാരിനുള്ള പ്രതിബദ്ധത പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വെളിപ്പെടുത്തി.

ദുരിതാശ്വാസനിധി വിതരണം ശ്രീ.പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ നിര്‍ദ്ദേശാനുസരണം 2004 ഏപ്രിലില്‍ സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ പുതിയ അക്കൗണ്ടിംഗ് ഫോര്‍മാറ്റുകള്‍ നടപ്പാക്കിയതു മുതല്‍, സാംഖ്യ രൂപകല്‍പനയും വിന്യാസവും ഉള്‍പ്പെടെ, കാസറഗോഡ് ജില്ല സമ്പൂര്‍ണ സാംഖ്യ-കമ്പ്യൂട്ടര്‍വല്‍കൃത അക്കൗണ്ടിംഗ് ജില്ലയായി ഉയരുന്നതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാസറഗോഡ് ജില്ലയ്ക്ക് ഈ നേട്ടം നേടിയെടുക്കാന്‍ സഹായിച്ചത് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൂം, ഐ.കെ.എമ്മിന്‍റെയും കൂട്ടായ ആത്മാര്‍ത്ഥമായ പ്രയത്നം മൂലമാണ്.

കാസറഗോഡ് ജില്ലയുടെ മാതൃകയില്‍ സമ്പൂര്‍ണ്ണ അക്കൗണ്ടിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകളും മുന്നേറി ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയില്‍ ഐ.കെ.എം പ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിമാരും, അക്കൗണ്ടന്‍റുമാരും ഉള്‍പ്പെട്ട ജില്ലാതല യോഗം ഡെപ്യൂട്ടി ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്തായി ബഹു. പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ.മുനീര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

സാംഖ്യ സോഫ്റ്റ്വെയര്‍- സവിശേഷതകള്‍

സാംഖ്യ നടപ്പാക്കുന്നതോടെ താഴെപറയുന്ന നേട്ടങ്ങള്‍ കൈവരുന്നതാണ്.

 1. ഓരോ സാമ്പത്തിക ഇടപാടും തല്‍സമയം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം.
 2. തദ്ദേശഭരണസ്ഥാപനത്തിന്‍റെ മൊത്തം സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരം ഒരിടത്തു ലഭ്യം.
 3. കിട്ടാനുള്ളതും കൊടുക്കാനുള്ളതുമായ തുകകളുള്‍പ്പെടെ മൊത്തം ആസ്തി-ബാദ്ധ്യതകളുടെ ചിത്രം ഏതു നിമിഷവും തയ്യാര്‍.
 4. കാഷ് ബുക്ക്, ബാങ്ക് ബുക്ക്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്‍റ് എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്, റസീറ്റ് ആന്‍റ് പേയ്മെന്‍റ് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഏതു സമയത്തും ഒരു മൗസ് ക്ലിക്കില്‍ ലഭ്യം.
 5. തദ്ദേശഭരണസ്ഥാപനത്തിന്‍റെ ധനകാര്യ സ്ഥിതി വിവരം തത്സമയം അറിയുന്നതിനുള്ള സൗകര്യം.
 6. ഐ.കെ.എം വികസിപ്പിച്ചു വിന്യസിച്ചിട്ടുള്ള മറ്റ് സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി ഉദ്ഗ്രഥിച്ചു പ്രവര്‍ത്തിക്കുന്നതുമൂലം മൊത്തം സാമ്പത്തിക വിവരങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തിണക്കാമെന്ന നേട്ടം.

സാഖ്യ നാള്‍വഴി

2007-ലെ കേരള മുനിസിപ്പാലിറ്റി (അക്കൗണ്ട്സ്) ചട്ടങ്ങള്‍ പ്രകാരം അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് സമ്പ്രദായം നഗരസഭകളില്‍ 2007 ഏപ്രില്‍ മുതല്‍ നിലവില്‍ വന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ 5 കോര്‍പ്പറേഷനുകളിലും ആലപ്പുഴ, തലശ്ശേരി നഗരസഭകളിലും എ.എഫ്. ഫെര്‍ഗൂസണ്‍ കമ്പനി വികസിപ്പിച്ച സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കിയത്. 2007-08-ല്‍ ഇ-ഗവേണന്‍സിന്‍റെ ഭാഗമായി അക്രൂവല്‍ അടിസ്ഥാനമാക്കി സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ 2008-09 മുതല്‍ കോഴിക്കോട് കോര്‍പ്പറേഷനിലും കണ്ണൂര്‍ നഗരസഭയിലും വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഫെര്‍ഗൂസണ്‍ കമ്പനിയുടെ സോഫ്റ്റ്വെയര്‍ സംബന്ധിച്ച് പല പ്രശ്നങ്ങളും ഉയര്‍ന്നുവരികയും പരിഹാരം അസാദ്ധ്യമാവുകയും ചെയ്തതോടെ പൈലറ്റ് ലൊക്കേഷനുകളിലും 2011-12 മുതല്‍ സാംഖ്യ വിന്യസിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കമ്പ്യൂട്ടര്‍ സൗകര്യം ലഭ്യമല്ലാതിരുന്ന പൊന്നാനി നഗരസഭയില്‍ 2012-13 മുതലാണ് സാംഖ്യ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സാംഖ്യ വിന്യാസം പൂര്‍ത്തിയായി.

നഗരസഭകളില്‍ സാംഖ്യ നടപ്പാക്കുന്നതു സംബന്ധിച്ച സഹായം നല്‍കുന്നതിനു വേണ്ടി എല്ലാ നഗരസഭകളിലും ഒരു അക്കൗണ്ട് അസിസ്റ്റന്‍റും അവരുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ടീം ലീഡര്‍, ഡെപ്യൂട്ടീ ടീം ലീഡര്‍, അക്കൗണ്ട്സ് ഓഫീസര്‍മാര്‍ എന്നിവരും ഉള്‍ക്കൊള്ളുന്ന ടീം കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയായ സി-ബള്‍ബ് പ്രോജക്ടിന്‍റെ ഭാഗമായി നിയമിതരായി. സുസ്ഥിര നഗരവികസന പദ്ധതിയായ കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ട്ര്‍ ശ്രീ.അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് സി-ബള്‍ബ് പ്രോജക്ട് നടപ്പിലാക്കിയത്.

നഗരസഭകളുടെ 2010-11, 2011-12 വര്‍ഷങ്ങളിലെ സാംഖ്യ അക്കൗണ്ടിംഗ് പുരോഗതി സംബന്ധിച്ച് നിരവധി തവണ ശില്പശാലകളും അവലോകന യോഗങ്ങളും സംഘടിപ്പിച്ചു. സി-ബള്‍ബ് ടീമിലെ മുഴുവന്‍ അംഗങ്ങളും, പ്രസ്തുത യോഗങ്ങളില്‍ പങ്കെടുത്തു. ചില യോഗങ്ങളില്‍ ഐ.കെ.എം ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരും നഗരസഭകളിലെ അക്കൗണ്ടന്‍റുമാരും പങ്കെടുക്കുകയുണ്ടായി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള, കെ.എസ്.യു.ഡി.പി ട്രെയിനിംഗ് ഓഫീസര്‍ ശ്രീ.കൃഷ്ണകുമാര്‍, ഐ.കെ.എം ഇംപ്ലിമെന്‍റേഷന്‍ ഡയറക്ടര്‍ ശ്രീ.എ.ഷാജി, ഐ.കെ.എം.കണ്‍സള്‍ട്ടന്‍റ് ശ്രീ.ഉദയഭാനു കണ്ടേത്ത്, ട്രെയിനിംഗ് ഹെഡ് ശ്രീ.ടി.പി.സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്. പ്രസ്തുത യോഗങ്ങളിലെ ചര്‍ച്ചകളിലേയും നിര്‍ദ്ദേശങ്ങളുടേയും ഫലമായി നഗരസഭകളിലെ സാംഖ്യ അക്കൗണ്ടിംഗില്‍ ഗണ്യമായ പുരോഗതി കൈവന്നു.

നഗരസഭകളില്‍ നടപ്പാക്കിയ അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സംവിധാനം ത്രിതല പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍, 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയും സാംഖ്യ ആപ്ലിക്കേഷന്‍ പഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നവീകരിക്കുകയും ചെയ്തു.
ഐ.കെ.എം തയ്യാറാക്കിയ മാന്വലുകളും, കൈപ്പുസ്തകങ്ങളും ഉപയോഗിച്ച് ഐ.കെ.എം റിസോഴ്സ് പേഴ്സണ്‍മാരുടേയും മാസ്റ്റര്‍ ട്രെയിനര്‍മാരുടേയും നേതൃത്വത്തില്‍ സാംഖ്യ പരിശീലനം ആരംഭിച്ചു. ചട്ടങ്ങള്‍ രൂപകല്പന ചെയ്യുന്നതിലും സാംഖ്യയുടെ രൂപകല്പനയിലും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും, പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും സാംഖ്യ വികസന വിന്യാസങ്ങളില്‍ നിര്‍ണ്ണായകമായ പങ്കാണ് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള നിര്‍വ്വഹിച്ചത്. നഗരസഭകളിലും ത്രിതലപഞ്ചായത്തുകളിലും സാംഖ്യ വിന്യാസത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് സംസ്ഥാനതല നിര്‍വ്വഹണ - മോണിറ്ററിംഗ് സമിതികളുടേയും കണ്‍വീനറായി നിയമിതനായതും അദ്ദേഹം തന്നെയാണ്. പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങളുടെ രൂപീകരണത്തിലും, സാംഖ്യ ആപ്ലിക്കേഷന്‍റെ രൂപകല്പനയിലെ ഡൊമെയിന്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും പരിശീലന പരിപാടികളിലും ഐ.കെ.എം കണ്‍സള്‍ട്ടന്‍റ് ശ്രീ.ഉദയഭാനു കണ്ടേത്ത് നിര്‍വ്വഹിച്ച പങ്കും പ്രശംസനീയമാണ്.

പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ധനകാര്യവിവരങ്ങള്‍ സുതാര്യമായി ലഭ്യമാക്കുന്നതിനും ജീവനക്കാര്‍ക്ക് സുഗമമായി അക്കൗണ്ടിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സാധ്യമാകത്തക്ക രീതിയില്‍ സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്ട്വെയറും വെബ് ആപ്ലിക്കേഷനും വികസിപ്പിച്ചത് ഐ.കെ.എമ്മിലെ താഴെ പറയുന്നവര്‍ ഉള്‍പ്പെട്ട ഡെവലപ്മെന്‍റ് ടീമാണ്:

 • ശ്രീ. ഐബി മോഹന്‍ദാസ്, പ്രോജെക്റ്റ് മാനേജര്‍‍ (സാംഖ്യ)
 • ശ്രീമതി. കൃഷ്ണപ്രിയ യു.എസ്, സീനിയര്‍ പ്രോഗ്രാമര്‍
 • കുമാരി അനിഷ സി, പ്രോഗ്രാമര്‍
 • ശ്രീമതി പൂര്‍ണ്ണിമ എസ് വി, പ്രോഗ്രാമര്‍
 • കുമാരി മിനു തോമസ്, പ്രോഗ്രാമര്‍
 • ശ്രീ. സുനില്‍ ബാബു.എം, പ്രോഗ്രാമര്‍ ട്രയിനി
 • കുമാരി രേഷ്മ.പി, പ്രോഗ്രാമര്‍ ട്രയിനി
 • ശ്രീ. അയൂബ്.എം.എച്ച്, പ്രോഗ്രാമര്‍ ട്രയിനി
 • ശ്രീ. സജിത്ത് കുമാര്‍.കെ.വി, പ്രോഗ്രാമര്‍ ട്രയിനി
 • കുമാരി ഫാത്തിമ.എ, പ്രോഗ്രാമര്‍ ട്രയിനി

സാംഖ്യ വിന്യാസം - പുരോഗതി (2012 ജൂലൈ അവസാനം വരെ)

തദ്ദേശ ഭരണ സ്ഥാപനം ആകെ വിന്യാസം വിന്യാസം %
ഗ്രാമപഞ്ചായത്ത് 978 424 43.35
ബ്ലോക്ക് പഞ്ചായത്ത് 152 14 9.21
ജില്ലാ പഞ്ചായത്ത് 14 13 92.86
മുനിസിപ്പാലിറ്റി 60 60 100.00
കോര്‍പ്പറേഷന്‍ 5 5 100.00
ആകെ 1209 516 42.68

സാംഖ്യ, സുലേഖ ആപ്ലിക്കേഷനുകള്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് (GO(MS) 308/2010/LSGD, dated 23/12/2012) തദ്ദേശഭരണസ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പ്രക്രിയയും, പദ്ധതി നിര്‍വ്വഹണവും സുതാര്യമാക്കിത്തീര്‍ക്കുന്നതില്‍ സര്‍ക്കാരിനുള്ള താല്പര്യം പ്രകടമാക്കുന്നു.

കാസറഗോഡ് ജില്ല - അനുകരണീയ മാത്യക

ഒരു ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും കൂട്ടായ്മയ്ക്ക് ഭരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും പിന്തുണയുണ്ടെങ്കില്‍ കൈവരിക്കാവുന്ന നേട്ടങ്ങള്‍ക്ക് ഉത്തമ മാത്യകയാണ് കാസറഗോഡ് ജില്ല.

ജില്ലാ കളക്ടര്‍ ശ്രീ.വി.എന്‍.ജിതേന്ദ്രന്‍റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 2011 ആഗസ്റ്റ് മാസം നടന്ന യോഗത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ എസ് ദിവാകരന്‍ പിള്ള, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ എം എസ് നാരായണന്‍ നമ്പൂതിരി, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ എം ഗോവിന്ദന്‍, അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍) ശ്രീ കെ എം രാമകൃഷ്ണന്‍, അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ (പി.എ) ശ്രീ ഖാലിദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി കെ സോമന്‍, ഐ.കെ.എം കണ്‍സള്‍ട്ടന്‍റ് ശ്രീ. ഉദയഭാനു കണ്ടേത്ത്, ട്രെയിനിംഗ് ഹെഡ് ശ്രീ.ടി.പി.സുധാകരന്‍, ഐ.കെ.എം ജില്ലാ കോ -ഓഡിനേറ്റര്‍ ശ്രീ കെ ഗോപിനാഥന്‍, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ. അബ്ദുള്‍ സലാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ഐ.കെ.എം ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തുടര്‍ന്ന് 2011 മുതല്‍ സാംഖ്യ സമ്പൂര്‍ണ്ണമായി വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ കെ എം ജില്ലാ കോ-ഓര്‍ഡിനേറ്ററും, ജില്ലാ ടെക്നിക്കല്‍ ഓഫീസറും ഊര്‍ജ്ജിതപ്പെടുത്തി. പ്രധാനമായും ജീവനക്കാരെയും, ജനപ്രതിനിധികളെയും ഈ പ്രവര്‍ത്തനത്തിന് സജ്ജമാക്കുകയെന്ന പ്രവര്‍ത്തനമാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് ഡി.ഡി.പി മീറ്റിംഗുകളില്‍ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തി യഥാസമയം പരിഹാരം കണ്ടെത്തി. സാംഖ്യ ഇംപ്ലിമെന്‍റേഷന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ സാങ്കേതിക വിദഗ്ധര്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി. സാംഖ്യ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടറുകളുടെ അഭാവം, പ്രിന്‍ററുകളുടെ കേടുപാടുകള്‍, നെറ്റ്വര്‍ക്കിംഗ്/ഇലക്ട്രിഫിക്കേഷന്‍ തകരാറുകള്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി സാംഖ്യ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, സെക്രട്ടറിമാര്‍, പെര്‍ഫോമന്‍സ് ആഡിറ്റ് സൂപ്രണ്ടുമാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിന്‍റെ തീരുമാന പ്രകാരം ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് നടത്താന്‍ തീരുമാനിച്ചു. ഐ.കെ,എം-ന്‍റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയില്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ച് ആവശ്യമായ ഭൗതിക സൗകര്യം ഒരുക്കുകയും ചെയ്തു. ഇതോടെ എല്ലാ പഞ്ചായത്തുകളിലേയും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായി. ഈ സമയത്തുതന്നെ കിലയില്‍ പഞ്ചായത്തിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാംഖ്യ സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കുകയും പ്രസിഡന്‍റ്/വൈസ്പ്രസിഡന്‍റ് എന്നിവര്‍ക്കും സാംഖ്യ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തുന്ന സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ സാംഖ്യ പ്രധാന അജണ്ടയായിത്തീര്‍ന്നു.

മൂന്നു ഘട്ടങ്ങളിലായാണ് കാസറഗോഡ് ജില്ലയില്‍ സാംഖ്യ വിന്യസിച്ചത്. ആദ്യഘട്ടത്തില്‍ 5 പഞ്ചായത്തുകളും രണ്ടാം ഘട്ടത്തില്‍ 15 പഞ്ചായത്തുകളും മൂന്നാംഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളും ഓണ്‍ലൈനാക്കുവാന്‍ സാധിച്ചു. സെക്രട്ടറിമാരും അക്കൗണ്ടന്‍റുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവരുടെ സ്വന്തം പരിപാടിയായി ഈ പ്രവര്‍ത്തനത്തെ കണ്ടതിനാല്‍ വളരെ പെട്ടെന്ന് മുഴുവന്‍ പഞ്ചായത്തിലും സാംഖ്യ നടപ്പാക്കാന്‍ കഴിഞ്ഞു. 2011-ഒക്ടോബറില്‍ തുടങ്ങിയ പ്രവര്‍ത്തനം 2012 മാര്‍ച്ച് മാസത്തോടുകൂടി പൂര്‍ത്തിയായി. തെറ്റു തിരത്തലുകളും വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള അഡ്ജസ്റ്റ്മെന്‍റുകളും മാത്രമാണ് ബാക്കി വന്നത്.

പിയര്‍ റിവ്യൂ

കാസറഗോഡ് ജില്ലയിലെ സാംഖ്യ അക്കൗണ്ടിംഗ് പുരോഗതി സംബന്ധിച്ച പിയര്‍ റിവ്യൂ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ളയുടെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ.എം.ഷംസുദ്ദീന്‍റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് ഹാളില്‍ നടന്നു. ശില്പശാലയില്‍ ഡി.ഡി.പി.മാര്‍, എ.ഡി.പി. എ.ഡി.സി, പഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ഐ.കെ.എം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലെ പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങള്‍ ശില്പശാലയില്‍ വച്ച് നല്‍കിയതിന്‍റെ ഫലമായി സാംഖ്യ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി.

2012 ഏപ്രില്‍ 1 മുതല്‍ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനം തടസ്സം കൂടാതെ ആരംഭിച്ചു തുടര്‍ന്നു വരുന്നു. പഞ്ചായത്തുകളിലെ പ്രാഗത്ഭ്യം നേടിയ അക്കൗണ്ടന്‍റുമാര്‍ മറ്റു പഞ്ചായത്തുകളിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിച്ചതും പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനു സഹായകമായി.
ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ട്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനുമായി (ഡൊമൈന്‍/ടെക്നിക്കല്‍ സപ്പോര്‍ട്ട്) ലോകബാങ്ക് ധനസഹായത്തോടുകൂടി കെ.എല്‍.ജി.എസ്.ഡി.പി പ്രോജക്ടിന്‍റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു അക്കൗണ്ടന്‍റ് കം ഐറ്റി എക്സ്പെര്‍ട്ട് എന്ന ക്രമത്തില്‍ 152 പേര്‍ക്ക് പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.

ഐ.കെ.എം വികസിപ്പിച്ച സുലേഖ (പ്ലാന്‍ മോണിറ്ററിംഗ്) സേവന (സിവില്‍ രജിസ്ട്രേഷന്‍), സേവന പെന്‍ഷന്‍ (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍), സഞ്ചയ (റവന്യൂ), സൂചിക (ഫയല്‍ ട്രാക്കിംഗ്), സ്ഥാപന (എസ്റ്റാബ്ലിഷ്മെന്‍റ്), സുഗമ (വര്‍ക്ക് എസ്റ്റിമേഷന്‍), സങ്കേതം (ബില്‍ഡിംഗ് പെര്‍മിറ്റ്), സകര്‍മ്മ (മിനിട്ട്സ്), സചിത്ര (അസറ്റ് രജിസ്റ്റര്‍) തുടങ്ങിയ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി ഉദ്ഗ്രഥിച്ചു പ്രവര്‍ത്തിക്കത്തക്ക രീതിയിലാണ് സാംഖ്യ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇവയില്‍ മിക്കവയുമായുള്ള ഉദ്ഗ്രഥനം നടപ്പായിട്ടുണ്ട്. ഇതോടെ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും ഇ-ഗവേണന്‍സ് നടപ്പാകുന്നതിനുമുള്ള കളമൊരുങ്ങിക്കഴിഞ്ഞു. ഇ-ഗവേണന്‍സ് രംഗത്തെ നേട്ടം വഴി രാജ്യത്തെ മറ്റൊരു പ്രഥമ സ്ഥാനം കൂടി കേരളം കൈവരിക്കുന്ന അസുലഭ മൂഹൂര്‍ത്തത്തിന് ഇനി ഏറെ താമസമുണ്ടാവുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.

ഡോ. എം.ഷംസുദ്ദീന്‍
എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍Main menu 2