Jump to Navigation

സൂചിക

തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കമ്പ്യൂട്ടറിന്‍റെ സഹായത്തോടൂ കൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറാണ് സൂചിക. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതര ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട നിലയിലുള്ള സേവനം ഫ്രണ്ട് ഓഫീസ് സംവിധാനം നിലവില്‍ വന്നിട്ടുള്ള ഓഫീസുകളില്‍ ലഭ്യമാണ്. ഇതിന്‍റെ ഫലമായി ഓഫീസില്‍ അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കുന്നുണ്ട്. രസീതില്‍ ബന്ധപ്പെട്ട അപേക്ഷയുടെ നമ്പരും തീയതിയും സേവനം ലഭ്യമാകുന്ന തീയതിയും രേഖപ്പെടുത്തുന്നു. അതിനാല്‍ അപേക്ഷകന് തുടര്‍ നടപടിയെപ്പറ്റി അന്വേഷിക്കുന്നതിന് അനായസമായി കഴിയും.
ഒരു അപേക്ഷയോ പരാതിയോ മറ്റ് കത്തുകളോ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ലഭിക്കുന്നതു മുതല്‍ ഫയലാവുന്നതും, ഫയല്‍ ഏതൊക്കെ സെക്ഷനിലേക്കാണ് പോകുന്നതെന്നും ഓരോ സെക്ഷനിലും ആ ഫയലിന്‍ മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വളരെ സുതാര്യമായി മനസ്സിലാക്കുവാന്‍ സൂചിക ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നതാണ്. ഫയലുകളുടെ നിജസ്ഥിതി കൃത്യമായും സുഗമമായും രേഖപ്പെടുത്തുവാനും മനസ്സിലാക്കുവാനും ഇതുവഴി സാധിക്കും. ഉടമസ്ഥാവകാശം, താമസം, ബി.പി.എല്‍, നോണ്‍ ഇലക്ട്രിഫിക്കേഷന്‍, ജനന-മരണ രജിസ്ട്രേഷന് വേണ്ട നോണ്‍ അവയബിലിറ്റി മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ സൂചിക ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിന്യസിച്ചിട്ടുള്ള സേവന (സിവില്‍ രജിസ്ട്രേഷന്‍, ജനന-മരണ വിവാഹ രജിസ്ട്രേഷനുകള്‍) വിവിധ ഇനം വരുമാന സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്ന ڇസഞ്ചയڈ, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ڇസങ്കേതംڈ , സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള സേവന (പെന്‍ഷന്‍) , വരവ് ചെലവ് കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ڇസാംഖ്യڈ (ഡബിള്‍ എന്‍ട്രി) എന്നീ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

സൂചികയുടെ ഉപയോഗം വഴി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഓഫീസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനോടൊപ്പം തന്നെ ഓഫീസ് നടപടിക്രമങ്ങളില്‍ സുതാര്യതയും വേഗതയും കൈവരുന്നു. ഓഫീസ് നടപടിക്രമങ്ങളുടെ ഭാഗമായി സാധാരണയായി സംഭവിക്കാവുന്ന ചുവപ്പുനാടയും സമയ നഷ്ടവും ഒഴിവാക്കാനും സൂചിക ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു. ഫയലുകള്‍ സംബന്ധിച്ച് ഓഫീസ് നടപടിക്രമ നിയമപ്രകാരം തയ്യാറാക്കേണ്ട തന്‍പതിവേട് (പേഴ്സണല്‍ രജിസ്റ്റര്‍) തുടങ്ങിയ രജിസ്റ്ററുകളും അപ്പപ്പോള്‍ തന്നെ സൂചിക വഴി തയ്യാറാക്കപ്പെടുന്നു. ആപ്ലിക്കേഷന്‍റെ ഏറ്റവും പ്രധാന പ്രത്യേകത ڇടച്ച് സ്ക്രീന്‍ڈ കിയോസ്ക്ക് സംവിധാനം വഴി ഒരു ഫയലിന്‍റെ അവസ്ഥയും വസ്തുനികുതി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മുതലായവയുടെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ സാധ്യമാണ്.

ഇതുകൂടാതെ www.filetracking.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയും ഫയലിന്‍റെ അവസ്ഥ അറിയാവുന്നതാണ്.

കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലായതോടുകൂടി തദ്ദേശഭരണ സ്ഥാപനങ്ങളിലാകെ തന്നെ അടുക്കും ചിട്ടയുമുള്ള ഒരുഭരണ സംവിധാനം നിലവില്‍ വരികയും ചെയ്തു. ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പഴയ റിക്കാര്‍ഡുകളും ഫയലുകളും പരതുന്ന ബുദ്ധിമുട്ട് ഒഴിവായിരിക്കുന്നു. എല്ലാ വിവരങ്ങളും വേഗത്തിലും കൃത്യമായും ലഭ്യമാകുന്ന സാഹചര്യം ഇന്നുണ്ട്. തന്മൂലം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമിടയിലെ ഊഷ്മളവും ആരോഗ്യകരവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സ്വാഗാതാര്‍ഹമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ജനസേവന കേന്ദ്രങ്ങള്‍/ഫ്രണ്ട് ഓഫീസുകള്‍ ജനസൗഹൃദകേന്ദ്രങ്ങള്‍ കൂടിയായി മാറുന്ന കാഴ്ചയാണ് ഇന്ന് പൊതുവെ കാണുവാന്‍ കഴിയുന്നത്. സേവനം തേടി വരുന്ന ജനങ്ങളെ അകറ്റി നിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന സമ്പ്രദായം പാടെ മാറിയിരിക്കുന്നു. ഉദ്യോഗസ്ഥരും ജനങ്ങളും ഒരു മേശക്ക് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സേവനം നല്‍കുന്നതും തേടുന്നതും ജനസേവനകേന്ദ്രങ്ങളില്‍ ഇന്നൊരു പതിവ്കാഴ്ചയാണ്. ഈ സംവിധാനം ഇനിയും മെച്ചപ്പെടുത്തി കൂടുതല്‍ കുറ്റമറ്റതാക്കി കൊണ്ടുപോകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

സത്വരം

നഗരസഭകളില്‍ മേയറുടെ പരാതി പരിഹാരപ്രവര്‍ത്തനത്തിനാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും മേയര്‍ക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും ഉടനെ പ്രശ്നപരിഹാരം കണ്ടെത്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തുക എന്നതാണ് څസത്വരംچ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന്‍റെ ലക്ഷ്യം. സൂചിക ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിനൊപ്പം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറാണ് സത്വരം, സൂചിക ഉപയോഗിക്കുന്ന ജീവനക്കാരന് വളരെ പെട്ടന്ന് മനസിലാക്കത്തക്ക രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മേയറുടെ സെക്ഷനില്‍ നേരിട്ട് അപേക്ഷ സീകരിക്കുന്നതു മുതല്‍ ഫയലിന്‍റെ പ്രവര്‍ത്തനം അവസാനിക്കുന്നതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി കൈകാര്യം ചെയ്യാന്‍ സാധിക്കും.Main menu 2