Jump to Navigation

മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ വിഷയാധിഷ്ഠിത വിഭവ ഭൂപട നിര്‍മ്മാണം

മുസിരിസ് (ഇംഗ്ലീഷില്‍ Muchiri or Mucciri) പെരിയാറിന്‍റെ തീരത്തുള്ള അതിപുരാതനമായ, ക്രിസ്തുവര്‍ഷം 1300 -ാം ആണ്ടിന്‍റെ തുടക്കത്തില്‍ല്‍ നിലനിന്നിരുന്ന പ്രമുഖമായ തുറമുഖ-വ്യാപാര നഗരമായിരുന്നു. ക്രിസ്തുവര്‍ഷം 1341 -ാം ആണ്ടില്‍ പെരിയാറില്‍ ഉണ്ടായ ശക്തമായ ഒരു വെള്ളപ്പൊക്കത്തില്‍ മുസിരിസ് ഇല്ലാതായതായും തുടര്‍ന്ന് വ്യാപാരകേന്ദ്രം മലബാറിന്റെ തീരത്തേക്ക്‌ മാറിയതുമായാണ് ചരിത്രം പറയുന്നത്. പിന്നീട് മുസിരിസ് പ്രദേശത്തിന്‍റെ കൃത്യമായ സ്ഥാനംപോലും നിര്‍വചനാതീതമാകുകയും കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് (KCHR) എന്ന സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളും ആണെന്ന് മനസ്സിലാക്കുകയുമായിരുന്നു.

Landmarksഈ ഗവേഷണത്തിലൂടെ വടക്കന്‍ പരവൂരിനടുത്തുള്ള ‘പട്ടണം’ എന്ന ചെറു വില്ലേജ് മുസിരിസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണെന്ന് കണ്ടെത്തി. ഇന്ത്യന്‍ ഉള്‍ക്കടലിനടുത്തുള്ള ഒരു പ്രദേശത്തുനിന്നും ആദ്യമായി മെഡിറ്ററേനിയന്‍, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, ചൈനീസ് സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത് ഇവിടെനിന്നുമാണ്. മേല്‍പ്പറഞ്ഞതുപോലെയുള്ള ചരിത്രപ്രാധാന്യം മനസ്സിലാക്കി അത് സംരക്ഷിക്കുവാനും ലോകം മുഴുവന്‍ ഈ പ്രദേശത്തെക്കുറിച്ച് അറിയപ്പെടാനും വേണ്ടി സര്‍ക്കാറിനു വേണ്ടി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ ബ്രിഹത്തായ പ്രൊജെക്ടാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി (Muziris Heritage Project)

ഇതില്‍ പരമപ്രധാനമായ ദൗത്യം രണ്ടു നഗരസഭകളും ഏഴു ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്ന പദ്ധതി പ്രദേശത്തിന്‍റെ കടസ്ട്രല്‍ മാപ്പ് അടിസ്ഥാനമാക്കിയുള്ള റിസോഴ്സ് മാപ്പ് അഥവാ വിഭവ ഭൂപടം തയ്യാറാക്കലാണ്. ഇതിനാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തിയിരുന്നത്. കേരള സര്‍ക്കാരിനുവേണ്ടി 03.10.2009- ല്‍ ടൂറിസം (സി) വകുപ്പ് ഇറക്കിയ ജി.ഓ. (എം.എസ്സ്.) നമ്പര്‍ 225/09/ടൂറിസം എന്ന ഉത്തരവ് പ്രകാരമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.

പദ്ധതിപ്രദേശം

കേരള സംസ്ഥാനത്തെ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നഗരസഭകളും എറണാകുളം ജില്ലയിലെ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ മതിലകം, ശ്രീനാരായണപുരം, എറിയാട്‌ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഏകദേശം 127 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ റോള്‍

മേല്‍ സൂചിപ്പിച്ച ഉത്തരവിന്‍പ്രകാരം, പദ്ധതി പ്രദേശത്തിന്‍റെ കടസ്ട്രല്‍ മാപ്പ് അടിസ്ഥാനമാക്കിയുള്ള റിസോഴ്സ് മാപ്പ് അഥവാ വിഭവ ഭൂപടം തയ്യാറാക്കാന്നാണ് ഐ.കെ.എമ്മിനെ ഏല്‍പ്പിച്ചത്. ഐ.കെ.എം. അത് പൂര്‍ണമായ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കി.

നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

ഇന്ന് നിലവിലുള്ള ആധികാരികമായ രേഖ എന്ന് പറയാവുന്നത് സര്‍വ്വേ വകുപ്പ് 1914-ാം വര്‍ഷത്തില്‍ തയ്യാറാക്കിയ 1:3960 തോതിലുള്ള കടസ്ട്രല്‍ മാപ്പുകളാണ്. ഇവ ഏകദേശം നൂറോളം വര്‍ഷം പഴക്കമേറിയതാകയാല്‍ ഈ മാപ്പുകള്‍ ഇന്നത്തെ സാഹചര്യങ്ങളുമായി ഒട്ടുംതന്നെ പൊരുത്തപ്പെടാത്തതായതുകൊണ്ട് ഇന്നത്തെ ആസൂത്രണപ്രക്രിയക്കും ദിശയും വഴികളും മനസ്സിലാക്കാനും മറ്റും ഉപയോഗപ്രദമല്ല എന്ന് പ്രത്യേകം പറയേïതില്ലല്ലോ. അതിനാല്‍ത്തന്നെ ഇവയുടെ കാലാനുസൃതമായ പരിഷ്കരണം അത്യന്താപേക്ഷിതമാണ്.

Field Surveyസര്‍വ്വേ വകുപ്പില്‍ നിന്നും ശേഖരിച്ച പ്രസ്തുത വില്ലേജ്മാപ്പുകള്‍ കൂട്ടിയോജിപ്പിച്ച് ജി.ഐ.എസ്സ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്താണ് പദ്ധതി പ്രദേശത്തിന്‍റെ പൂര്‍ണ്ണമായ കടസ്ട്രല്‍ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഈ മാപ്പുകള്‍ ഇന്നത്തെ രൂപത്തിലാക്കുവാനായി അതിന്‍റെ പ്രിന്‍റ് എടുത്ത്, പ്രാദേശികമായി തിരഞ്ഞെടുത്ത ഡിപ്ലോമ, ഐ.ടി.ഐ., ഐ.ടി.സി മുതലായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കൃത്യമായ പരിശീലനം നല്‍കി, അതാത് പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരേക്കൂടി ഉള്‍പ്പെടുത്തി ടീം തിരിച്ച്‌ പരിചയസമ്പന്നരായ ടീം ലീഡര്‍മാരുടെ നിയന്ത്രണത്തിലാണ് ഫീല്‍ഡ്‌ പ്രവര്‍ത്തനം നടത്തിയത്.

ഒന്നാംഘട്ടത്തില്‍ നടത്തിയ ഫീല്‍ഡ്‌ പ്രവര്‍ത്തനത്തിലൂടെ, പ്രദേശത്തിന്‍റെ ഓരോ മുക്കിലും മൂലയിലും പ്രസ്തുത മാപ്പുകളുമായി സഞ്ചരിച്ച് ദേശീയപാത മുതല്‍ നടപ്പാത വരെയുള്ള ഗതാഗതയോഗ്യമായ എല്ലാ റോഡുകളും, തടാകം, തോടുകള്‍, കുളങ്ങള്‍ തുടങ്ങി എല്ലാവിധ ജലസ്രോതസ്സുകളും നിലവിലുള്ള എല്ലാ `ഭൗമസൂചകങ്ങളും അവയുടെ കൃത്യമായ സ്ഥാനം നിര്‍ണയിച്ചു പകര്‍ത്തിയെടുത്തു. ഇതിനെ ഐ.കെ.എമ്മിന്റെ ജി.ഐ.എസ്സ്. ലാബില്‍ നിലവില്‍ തയ്യാറാകിയ മാപ്പിനോട് കൂട്ടിച്ചേര്‍ത്ത് അതിനെ ഇന്നത്തെ അവസ്ഥയിലേക്ക് പുന:സൃഷ്ടിച്ചു.

GPS Surveyതുടര്‍ന്ന് പദ്ധതിപ്രദേശത്തിന്‍റെ സ്ഥാനീയവിവരം ഉറപ്പിക്കുന്നതിനായി ആധുനിക ഉപകരണമായ ഗ്ലോബല്‍ പോസിഷനിംഗ് സിസ്റ്റം അഥവാ ജി.പി.എസ്സ് ഉപയോഗിച്ചുള്ള സര്‍വ്വേ നടത്തി. തുടര്‍ന്ന് മുഴുവന്‍ വിവരങ്ങളുടെയും കൃത്യത ഉറപ്പാക്കുവാന്‍ വേണ്ടി ഒരു ഫീല്‍ഡ്‌ പരിശോധനകൂടി പൂര്‍ത്തീകരിച്ചു.

ഈ വിവരങ്ങള്‍ എല്ലാംകൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രദേശത്തിന്റെ ഇന്നത്തെ യഥാര്‍ഥ ചിത്രം അടങ്ങുന്ന വിശദമായ വിവരവ്യുഹം തയ്യാറാക്കി. ഈ വിവരവ്യൂഹം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം വേണ്ട വിവരങ്ങള്‍ തിരഞ്ഞ്‌ കണ്ടെത്താനാകുന്ന വിധം ഒരു വെബ്‌ അധിഷ്ഠിത ആപ്ലിക്കേഷന്‍ കൂടി അധികമായി ഐ.കെ.എം. വികസിപ്പിച്ചു. ബന്ധപ്പെട്ട അധികൃതരുടെ ആവശ്യപ്രകാരമാണ് ഈ വെബ്‌ സൈറ്റ് തയ്യാറാക്കിയത്.

കൂടാതെ, ഈ വെബ്‌ സൈറ്റില്‍ വിവരങ്ങള്‍ തിരയാനായി ഫസ്സി സെര്‍ച്ച്‌ മെക്കാനിസം (Fuzzy Search Mechanism) ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നമ്മള്‍ ടൈപ്പ് ചെയ്യുന്ന വാക്ക്‌ തെറ്റിയാലും ഈ വിവരശേഖരത്തിലുള്ള സമാനമായ വാക്കുകള്‍ സിസ്റ്റം തന്നെ കണ്ടെത്തി നല്‍കുന്നതാണ്.

ഈ വെബ്‌ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടപ്പാത, ബസ്സ്, കാര്‍ ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ പ്രത്യേകം കണ്ടെത്താവുന്നതാണ്. ഓരോ കവലകളുടെയും ഭൗമസൂചകങ്ങളുടെയും പേരുകള്‍ ഈ വിവരശേഖരത്തില്‍ നിന്നും പ്രത്യേകം കണ്ടെത്താവുന്നതാണ്. അനുബന്ധവിവരങ്ങള്‍ മറ്റു വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് അതുകൂടി ചേര്‍ക്കാവുന്നതാണ്.

സവിശേഷതകള്‍

പദ്ധതിപ്രദേശത്തെ എല്ലാ കെട്ടിടങ്ങളും, മുഴുവന്‍ റോഡുകളും, മുഴുവന്‍ ജലസ്രോതസ്സുകളുടെയും വിവരങ്ങള്‍,  മുഴുവന്‍ ഭൗമസൂചകങ്ങളുടെയും വിവരങ്ങള്‍ എന്നിവ  തരംതിരിച്ച് എടുത്തിട്ടുള്ളതാണ്. പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു

 1. കെട്ടിടങ്ങള്‍
  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍, കോടതി, മ്യൂസിയം, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, വാസസ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍
 2. റോഡുകള്‍
  ദേശീയപാത, ടാര്‍ റോഡ്, മെറ്റല്‍ പാത, മണ്‍ പാത, കോണ്‍ക്രീറ്റ് പാത, നടപ്പാത, സ്വകാര്യ പാത
 3. ജലസ്രോതസ്സുകള്‍ 
  തടാകം, തോടുകള്‍, കുളങ്ങള്‍, നദി, നീര്‍ച്ചാല്‍
 4. ഭൗമസൂചകങ്ങള്‍
  വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബാങ്ക്, എ.ടി.എം., സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ശ്മശാനം, ആതുരാലയങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മൊബൈല്‍ ടവര്‍, പെട്രോള്‍ പമ്പ്, സിനിമാശാലകള്‍, ബസ് സ്റ്റോപ്പ്, ബസ്സ് സ്റ്റാന്‍റ്, ഓട്ടോ സ്റ്റാന്‍റ്, ടാക്സി സ്റ്റാന്‍റ്, കോളനികള്‍, കടത്തുകടവ്, ചന്ത, മണ്ഡപങ്ങള്‍, ടൗണ്‍ഹാള്‍, പമ്പ് ഹൗസ്
  പാര്‍ക്ക്, മൈതാനം

ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഒരു വെബ്‌ അധിഷ്ഠിത ആപ്ലിക്കേഷന്‍ കൂടി തയ്യാറാക്കിയിട്ടുണ്ട്. http://gis.lsgkerala.in/maps/muziris

Muziris Heritage Resource Map

പരിമിതികള്‍

കടസ്ട്രല്‍ മാപ്പുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിഭവ ഭൂപട നിര്‍മ്മാണമാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ മേല്‍ പ്രതിപാദിച്ചത് പോലെ 1914ല്‍ സര്‍വ്വേ വകുപ്പ് തയ്യാറാക്കിയ കടസ്ട്രല്‍ മാപ്പുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇവയെ നിലവിലുള്ള ഭൂസ്ഥിതിയുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്.

നാഴികക്കല്ലുകള്‍

നമ്പര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭം പൂര്‍ത്തീകരണം ദിവസങ്ങള്‍
1 ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ (ഒന്നാം ഘട്ടം) 10/12/2010 30/06/2011 202
2 ഡിജിറ്റൈസേഷന്‍ 09/03/2011 31/12/2011 297
3 ജി.പി.എസ്സ്. സര്‍വ്വേ 28/09/2011 19/10/2011 21
4 ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ (രണ്ടാം ഘട്ടം) 20/12/2011 23/02/2012 65
5 ഡാറ്റാബേസ് നിര്‍മ്മാണം 02/01/2012 23/05/2012 142
6 ജിയോറഫറന്‍സിങ്‌ 24/05/2012 26/05/2012 2
7 സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം 27/05/2012 31/07/2012 65
  ആകെ     794

സംഗ്രഹം

മുസിരിസ് പൈതൃക പ്രദേശത്തെ സംബന്ധിച്ച് ഐ.കെ.എം. തയ്യാറാക്കിയ ഭൂവിവരവ്യവസ്ഥ വിനോദ സഞ്ചാരികള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പലവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ കാലാനുസൃതമായ മാറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്Main menu 2