Jump to Navigation

ഇടമലക്കുടി ഗ്രാമപഞ്ചായത്ത് സേവന സിവില്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

കേരളത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ ഇലക്ട്രോണിക്കായി നിര്‍വഹിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്.  എന്നാല്‍ ഇടമലക്കുടി, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മാത്രം ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം ഇത്  ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.  ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി, കണക്ടിവിറ്റി, ഗതാഗത സൗകര്യം എന്നിവ ലഭ്യമല്ലാത്തതിനാല്‍ പഞ്ചായത്തിന്‍റെ താല്‍ക്കാലിക ഓഫീസ് ദേവികുളത്താണ് സ്ഥിതി ചെയ്യുന്നത്. ദേവികുളത്ത് സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ഓഫീസില്‍ കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.  സുലേഖ, സേവന പെന്‍ഷന്‍, സചിത്ര (ആസ്തി) തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

വനാന്തര പ്രദേശമായതിനാലും, ഭൂരിഭാഗം പ്രസവങ്ങളും കുടികളില്‍ തന്നെ നടക്കുന്നതിനാലും, രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാലും, രജിസ്ട്രേഷന്‍ സംബന്ധമായ അറിവില്ലായ്മയും കാരണം ഇടമലക്കുടിയില്‍ നടന്നിട്ടുള്ള പല  ജനനങ്ങളും നിശ്ചിത സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നിട്ടുണ്ട്.  അത്തരം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി മാതൃകാപരമായ ഒരു പ്രവര്‍ത്തനം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ 2012 ജൂലൈ 24ന് നടത്തുകയുണ്ടായി.  പെട്ടിമുടിയില്‍ വെച്ച് നടന്ന അദാലത്ത് ക്യാമ്പില്‍ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ ഓഫീസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, പബ്ലിക് നോട്ടറി, വെണ്ടര്‍, ഗസറ്റഡ് ഓഫീസര്‍, ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ സ്വീകരിച്ച് കാലതാമസം വന്നിട്ടുള്ള രജിസ്ട്രേഷനുകള്‍ക്ക് അംഗീകാരം നല്‍കി കമ്പ്യൂട്ടര്‍ രജിസ്ട്രേഷന്‍ നടത്തി ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  100 അപേക്ഷകള്‍ ലഭിച്ചതില്‍ 36 എണ്ണം അനുവദിക്കുകയും 20 എണ്ണം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.  ഇതോടെ ജനന-മരണ രജിസ്ട്രേഷന്‍ 24/07/2012 മുതല്‍ ഇലക്ട്രോണിക്കായി നിര്‍വ്വഹിച്ചു തുടങ്ങി.  VPN കണക്ടിവിറ്റി ലഭിച്ചിട്ടുള്ളതിനാല്‍ സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലേക്ക് രജിസ്ട്രേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ (www.cr.lsgkerala.gov.in) നിന്നും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.



Main menu 2