Jump to Navigation

സമഗ്രയുടെ സാധ്യതയറിയാന്‍ സ്മാര്‍ട്ട് ഫോണില്‍ നോക്കൂ

സ്മാര്‍ട്ട് ഫോണ്‍ എന്തിനാ? ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ചാറ്റിങ്ങിനും ആശയവിനിമയങ്ങള്‍ക്കും മാത്രമല്ല ഇന്ന് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം. അവയവം പോലെ മനുഷ്യനൊപ്പം സഞ്ചരിക്കുന്ന ഈ ഇലക്ട്രോണിക് ഉപകരണത്തിന്റെ സാധ്യതകള്‍ ജനോപകാരപ്രദമാക്കുന്നത് എങ്ങിനെയന്നെതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്ര മൊബൈല്‍ ആപ്ലിക്കേഷനപ്പുറം ഇന്ത്യയില്‍ മികച്ച മറ്റൊരു മാതൃകയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സമഗ്രയെന്ന മൊബൈല്‍ ആപ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്താല്‍ തദ്ദേശ സ്വയംഭരണസഥാപനങ്ങളുടെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പിലാണ്. പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത സമഗ്ര പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഹിറ്റിലേക്ക് നീങ്ങുന്നുവെന്നാണ് ഗൂഗിള്‍ അനലറ്റിക്സിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

എന്താണ് സമഗ്ര

ആന്‍ഡ്രോയിഡിന്റെ 4 വേര്‍ഷനിലുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ നിങ്ങളുടെ കൈയ്യിലുമുണ്ടോ? എങ്കില്‍ മൊബൈിലിലെ പ്ലേസ്റ്റോറില്‍ കയറി സമഗ്ര എന്ന് ടൈപ്പ് ചെയ്യുക. സമഗ്ര ആപ്പ് മൊബൈിലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയായി. ഈ ഘട്ടം കഴിഞ്ഞാല്‍ ഇതിലൊരു ലോഗിന്‍ ഉണ്ടാക്കുകയെന്ന ലളിതമായ പ്രവര്‍ത്തിയും പൂര്‍ത്തിയാക്കുക. തദ്ദേശ സ്വയംഭരണസഥാപനങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിന് ഇനി വെറുതെ അലയേണ്ട. ജനനസര്‍ട്ടിഫിക്കറ്റ് , മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹരജിസ്ട്രേഷന്‍ തുടങ്ങി നിരവധി സേവനങ്ങളാണ് സമഗ്രയിലൂടെ അറിയാന്‍ കഴിയുന്നത്. പൊതുജനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍ക്കും സമഗ്രയുടെ സേവനം ഉപയോഗിക്കാനാകും. ഇപ്പോള്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ മാത്രമാണ് സൌകര്യം ഉള്ളതെങ്കില്‍ ഒട്ടും വൈകാതെ ആപ്പിള്‍, മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളിലും ഈ സൌകര്യം ലഭ്യമാകും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈിലിന്റെ ഡസ്ക്ക്ടോപ്പില്‍ സമഗ്ര എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയ ലോഗോയുള്ള ആപ്പ് മറ്റ് സോഫ്റ്റ് വെയറുകള്‍ക്കൊപ്പം കാണാനാകും

സമഗ്രമായ സേവനങ്ങള്‍

സമഗ്രയുടെ സേവനങ്ങളുടെ പൊതുവിവരങ്ങള്‍ ഹോംപേജില്‍ തന്നെകാണാം. വെരിഫിക്കേഷന്‍ സേവനങ്ങള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെ‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവുകള്‍, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍, തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കിയിട്ടുള്ള അപേക്ഷയില്‍ ഫയല്‍ നീക്കം അറിയാനാവുന്ന സൌകര്യം , നികുതികള്‍, ലൈസന്‍സ് ഫീസുകള്‍, ഇതര ഫീസുകള്‍ എന്നിവയുടെ വിവരങ്ങള്‍ , പദ്ധതികളുടെ അവലോകനത്തിനുള്ള സൌകര്യം, കേരളത്തിലെ മുഴുവന്‍ പ‍ഞ്ചായത്തുകളിലേയും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിലാസവും ഫോണ്‍നമ്പറും സാമൂഹ്യപെന്‍ഷനുകള്‍, പ‍ഞ്ചായത്തുകളുടെ ടെന്‍ഡര്‍ വിവരങ്ങള്‍ എന്നിവയിലേയ്ക്കുള്ള പ്രവേശനകവാടമാണ് സമഗ്രയുടെ ഹോംപേജ്.

സമഗ്ര എന്തിന്

നിങ്ങളുടെ ഒരു അപേക്ഷ പാസ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിച്ചു എന്ന് കരുതുക. ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പാസ്പോര്‍ട്ട് ഓഫീസിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. സര്‍ട്ടിഫിക്കറ്റിന്റെ വെരിഫിക്കേഷന് സമഗ്ര മൊബൈല്‍ ആപ്പ് ഫലപ്രദമാകുന്നത് ഇവിടെയാണ്. ചുരുക്കം വിവരങ്ങള്‍ മാത്രം ഇതില്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകും. പരിശോധന നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കാം. സ്കൂള്‍, ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കും സമഗ്ര ഉപയോഗിക്കാം. പഞ്ചായത്ത് തലത്തില്‍ നല്‍കുന്ന ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വിവിധ ലൈസന്‍സുകള്‍ തുടങ്ങിയവയും ലഭ്യമാക്കും.സര്‍ക്കാര്‍ ഉത്തരവുകള്‍ ഫയല്‍ കെട്ടുകളില്‍ തിരഞ്ഞ് സമയം കളായാതിരിക്കാനും സമഗ്രയില്‍ സൌകര്യമുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ സമഗ്രയിലുണ്ട് . തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിക്കും. കീ വേര്‍ഡുകള്‍ കൊടുത്താല്‍ തന്നെ ഉത്തരവുകളുടെ പകര്‍പ്പ് ലഭിക്കും. ഉദാഹരണത്തിന് ഇലക്ഷന്‍ എന്ന കീ വേര്‍ഡില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ലഭിക്കും.

ഓണ്‍ലൈന്‍ സേവനങ്ങള്‍

ഇതിനായി ആദ്യം ചെയ്യുന്നത് നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനം ഏതാണെന്ന് തെരഞ്ഞെടുക്കുക മാത്രമാണ്. ജില്ല അടിസ്ഥാനത്തില്‍ കണ്ടെത്താവുന്ന തരത്തില്‍ ഇത് ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പേജുകള്‍ക്കും മുകളില്‍ വലതുഭാഗത്ത് തദ്ദേശസ്ഥാപനങ്ങള്‍ ഏതെന്ന് തെരഞ്ഞെടുക്കാനുള്ള സൌകര്യമുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ അറിയാന്‍ നിര്‍ദിഷ്ട കോളത്തില്‍ ജനനതീയതി ടൈപ്പ് ചെയ്യുക, പിന്നീട് അമ്മയുടെ പേരിന്റെ ആദ്യ മൂന്നക്ഷരവും സ്ത്രീ ,പുരുഷന്‍ എന്നതില്‍ വ്യക്തതയും നല്‍കിയാല്‍ മൊബൈല്‍ ആപ്പ് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ തിരക്കി കൈവിരല്‍ തുമ്പിലെത്തിക്കും. മരണ സര്‍ട്ടിഫിക്കറ്റ് കണ്ടെത്താന്‍ മരണതീയതി, പരേതന്റെ പേരിന്‍റെ ആദ്യ മൂന്നക്ഷരം എന്നിവ ധാരാളം. വിവാഹ സര്‍ട്ടിഫിക്കറ്റിന് വിവാഹതീയതിയും ഭര്‍ത്താവിന്റെ പേരിന്റെ ആദ്യ മൂന്നക്ഷരവും ടൈപ്പ് ചെയ്താല്‍ മതി.

ഫയലുകള്‍ എവിടെ

വെറുതെ പഞ്ചായത്ത് ഓഫീസില്‍ അലഞ്ഞുതിരിയുന്നതിന് അവസാനം കാണുകയാണ് സമഗ്ര. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് ചീട്ടിലെ നമ്പര്‍ സമഗ്രയില്‍ ടൈപ്പ് ചെയ്യുക. ഫയല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എവിടെയാണ് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനമാണിത്. കെട്ടിടനിര്‍മാണ പെര്‍മിറ്റിന്റെ വിവരവും ഇതു വഴി ലഭിക്കും. നികുതി, ഫീസുകള്‍ ലൈസന്‍സ് എന്നിവയുടെ വിവരങ്ങളും ഭാവിയില്‍ വിപുലമായി ലഭിക്കും. ഇപ്പോള്‍ കെട്ടിട നികുതിയുടെ വിവരങ്ങള്‍ സമഗ്രയിലൂടെ ലഭ്യമാണ്. പഴയതോ പുതിയതോ വീട്ടു നമ്പര്‍, ഉള്‍പ്പെടെ ചുരുക്കം വിവരങ്ങള്‍ ടൈപ്പ് ചെയ്താന്‍ കെട്ടിടനികുതിയുടെ വിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ കെട്ടിടനികുതി ഓണ്‍ലെനായി അടക്കാനുള്ള സൌകര്യവും സമഗ്രയിലുണ്ടാവും .

പദ്ധതി എവിടെയെത്തിയെന്ന് നമ്മള്‍ അറിയേണ്ടേ

സുതാര്യവും സമഗ്രവുമായ വികസനത്തിനുള്ള ഫലപ്രദമായ മാര്‍ഗത്തിനും സമഗ്ര ഇടം കൊടുക്കുന്നു. 2014- 15 വര്‍ഷത്തില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള സംവിധാനവും ഇതിലുണ്ട്. അതുവഴി ജനകീയ ഇടപെടലിന്റെ സാധ്യതതുറക്കുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാര്‍, തുക, വിനിമയ രീതി തുടങ്ങി സമഗ്രമായ വിവരങ്ങളാണുള്ളത്

പഞ്ചായത്തിലെ വിവരങ്ങള്‍

കേരളത്തിലെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഈ മൊബൈല്‍ ആപ്പിലുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ക്ഷേമ പെന്‍ഷനുകള്‍ക്കാണ് ആപ്പില്‍ മറ്റൊരു ഇടം കൊടുത്തിട്ടുള്ളത്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യ കാലപെന്‍ഷന്‍, വൈകല്യമുള്ളവര്‍ക്കുള്ള സഹായം, അന്‍പത് കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍ക്കുള്ള സഹായം, വിധവാ പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ലഭിക്കും. പെന്‍ഷന്റെ ടാബില്‍ സഹായം സ്വീകരിക്കുന്നയാളുടെ പേരിന്റെ ആദ്യമൂന്നക്ഷരം ടൈപ്പ് ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന്റെ വിശദാംശങ്ങള്‍ ലഭിക്കും . പഞ്ചായത്തുകള്‍ നല്‍കുന്ന ടെന്‍ഡര്‍ വിവരങ്ങള്‍ക്കും ഇതില്‍ ഇടമുണ്ട്. പഴയതും പുതിയതുമായ ടെന്‍ഡറുകള്‍ കണ്ടെത്താനുള്ള ലളിതമായ സംവിധാനവും സമഗ്രയിലുള്ളത്. മാറുന്ന കാലത്തിനൊപ്പം, ജനങ്ങള്‍ക്കൊപ്പം അതിവേഗം സഞ്ചരിക്കുന്ന സര്‍ക്കാരിന്റെ പുത്തന്‍ സംരഭങ്ങളില്‍ ഒന്നുമത്രമാണ് സമഗ്ര.

Samagra app on Google PlayMain menu 2